Header Ads

We inspire and promote your farming.

കുരുമുളക്


ലോകത്തിലെ ഏറ്റവും പരമ്പരാഗതമായ സുഗന്ധവ്യഞ്ജനം. 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ കുരുമുളകുത്പാദനത്തിന്റെ 95 ശതമാനവും കേരളത്തിന്റെ സംഭാവന. 1498ല്‍ വാസ്കോഡഗാമ, കേരളത്തില്‍ കോഴിക്കോടിനടുത്തുള്ള കാപ്പാട് തീരത്ത് എത്തിച്ചേര്‍ന്നത് കുരുമുളകില്‍ ആകൃഷ്ടനായിട്ടാണ്. ഈ വരവ് പില്‍ക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയചരിത്രം തന്നെ തിരുത്തിക്കുറിച്ചു.
ഇന്തോനേഷ്യ, ബ്രസീല്‍, മലേഷ്യ, മലഗാസി റിപ്പബ്ളിക്, കംബോഡിയ, ശ്രീലങ്ക തുടങ്ങിയവയാണ് കുരുമുളക് കൃഷിയുള്ള മറ്റുരാജ്യങ്ങള്‍.
  • മണ്ണും കാലാവസ്ഥയും
ഉഷ്ണമേഖലാ സസ്യം. നല്ല ചൂടും ആര്‍ദ്രതയുള്ള അന്തരീക്ഷം, വര്‍ധിച്ച മഴ എന്നിവ അനുകൂലഘടകങ്ങള്‍. തുടര്‍ച്ചയായ വരള്‍ച്ച നന്നല്ല. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ നന്നായി വളരും. വളക്കുറുള്ള മണ്ണും, നദീതടങ്ങളിലെ എക്കല്‍ മണ്ണും, വെട്ടുക്കല്‍ മണ്ണും മണല്‍ കലര്‍ന്ന പശിമരാശി മണ്ണും ഒക്കെ നന്ന്.
  • ഇനങ്ങള്‍
നൂറിലേറെ നാടന്‍ ഇനങ്ങള്‍, കല്ലുവളളി, ബാലന്‍കൊട്ട, ഉതിരന്‍കൊട്ട, ചെറിയകൊടി, കരിമുണ്ട, നാരായക്കൊടി, കാണിയക്കാടന്‍, കുതിരവാലി, കൊറ്റനാടന്‍, കരുവിലാഞ്ചി, അയ്മ്പിരിയന്‍, അരിവളളി, ചുമല, ജീരകമുണ്ട, കുംഭക്കൊടി, തുലാക്കൊടി തുടങ്ങിയവ.
  • വളളി വേരുപിടിപ്പിക്കല്‍
ചെന്തലകളാണ് വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഫെബ്രുവരി  മാര്‍ച്ച് മാസം അനുയോജ്യ സമയം. വളളി രണ്ടു മൂന്നു മുട്ടുളള തണ്ടായി മുറിച്ചെടുത്ത് അടിവശം 1000 പി.പി. എം. വീര്യമുളള ഇന്‍ഡോള്‍ 3  ബ്യൂട്ടിറിക് ആസിഡ് ലായനിയില്‍ 45 സെക്കന്റ് മുക്കിവച്ചിട്ടു നടണം. ഒരു ഭാഗം മേല്‍മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം കാലിവളവും ചേര്‍ന്ന മിശ്രിതം 20 സെ.മീ. നീളവും 15 സെ. മീ. വീതിയുമുളള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. നീര്‍വാര്‍ച്ചയ്ക്ക് കവറില്‍ സുഷിരങ്ങള്‍ ഇടണം. ഈ മിശ്രിതത്തില്‍ ഒരു മുട്ട് മണ്ണിനടിയിലാക്കി തണ്ടു നടണം. പൂവാളി കൊണ്ടു നനയ്ക്കണം. 34 ആഴ്ച കൊണ്ട്് തണ്ടു മുളച്ചു തുടങ്ങും. തണല്‍ നല്‍കണം.
  • താങ്ങുകാലുകള്‍
കുരുമുളക് നടുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ താങ്ങുകാലുകള്‍ തയ്യാറാക്കണം. മുരിക്ക്, കളിഞ്ഞില്‍, മട്ടി, ആഴാന്ത, ശീമക്കൊന്ന, വേപ്പ് എന്നിവ താങ്ങിനു നന്ന്. കൂടാതെ തെങ്ങും കമുകും ഒക്കെ കുരുമുളകു പടര്‍ത്താന്‍ ഉചിതമായ താങ്ങുമരങ്ങളാണ്.
  • തിരുവാതിര ഞാറ്റുവേല
കുരുമുളകു നടാന്‍ ഏറ്റവും യോജിച്ച സമയം ജൂണ്‍  അവസാനം മുതല്‍ ജൂലായ് ആദ്യപകുതി വരെയുളള തിരുവാതിര ഞാറ്റുവേലക്കാലമാണ്. ഈ സമയത്ത് വളളി മുറിച്ചു നട്ടാല്‍ മഴ തീരും മുമ്പ് വേരുപിടിച്ചു കിട്ടും.
  • നടീല്‍
50 സെ.മീ: നീളവും വീതിയും താഴ്ചയുമുളള കുഴിയിലാണ് കുരുമുളക് നടുന്നത്. താങ്ങുകാലില്‍ നിന്ന് 30 സെ. മീ. അകലത്തിലായിരിക്കണം കുഴി എടുക്കേണ്ടത്. തെങ്ങ്, കമുക് മുതലായ വൃക്ഷങ്ങളില്‍  പടര്‍ത്തുമ്പോള്‍ ഇവയില്‍ നിന്ന് 1 2 മീറ്റര്‍ അകലത്തില്‍ വേണം കുഴി എടുക്കാന്‍. കുഴിയില്‍ ജൈവവളവും മേല്‍മണ്ണും ചേര്‍ത്തു മൂടിയിട്ട്, നടുവിലായി കുരുമുളകു നടണം.
  • വളപ്രയോഗം
മുളകു വളളിനട്ട് മൂന്നാം കൊല്ലം മുതല്‍ ശരിയായ വളപ്രയോഗം തുടങ്ങണം. 500 ഗ്രാം അമോണിയം സള്‍ഫേറ്റ്, 222 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 235 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിലാണ് ഓരോ കൊടിക്കും ഒരു വര്‍ഷം നല്‍കേണ്ടത്. കൂടാതെ കൊടിയൊന്നിന് 10 കിലോ ചാണകമോ കമ്പോസ്റോ എന്നിവയിലൊന്നും നല്‍കണം. വളങ്ങള്‍ രണ്ടു ഗഡുക്കളായാണു നല്‍കേണ്ടത്. മേയ്   ജൂണില്‍ മഴ കിട്ടിക്കഴിഞ്ഞ് ആദ്യഗഡുവും ആഗസ്റ്  സെപ്റ്റംബറില്‍ ബാക്കിയുളളതും നട്ട് ഒരു വര്‍ഷം പ്രായമായ വളളിക്ക് ആകെ വളത്തിന്റെ 1/3 ഭാഗവും രണ്ടാം വര്‍ഷം 2/3 ഭാഗവും നല്‍കണം.
കാലവര്‍ഷാരംഭത്തില്‍ ചെടികള്‍ക്കു ചുറ്റും 50  75 സെ.മീ. വ്യാസാര്‍ധത്തിലും 1015 സെ. മീ. ആഴത്തിലും തടമെടുത്ത് ചെടി ഒന്നിന് 10 കിലോ ജൈവവളം  ഇട്ട് മണ്ണിട്ടു മൂടുക. ഏപ്രില്‍- മേയില്‍ പുതുമഴ കിട്ടിത്തുടങ്ങുമ്പോള്‍ വളളിയൊന്നിന് 500 ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കണം.
  • ജലസേചനം
ചെടി ഒന്നിന് 100 ലിറ്റര്‍ എന്ന തോതില്‍ 810 ദിവസത്തിലൊരിക്കല്‍ നനച്ചു കൊടുക്കണം. നവംബര്‍  ഡിസംബര്‍ മുതല്‍ മാര്‍ച്ച്  ഏപ്രില്‍ വരെ നന നിര്‍ബന്ധം.
  • വളളിത്തല കെട്ടല്‍
തണ്ടുകള്‍ വളര്‍ന്ന് നീളം വച്ചു തുടങ്ങുമ്പോള്‍, അവ താങ്ങുകാലുകളോട് ചേര്‍ത്തു  വച്ച്  കെട്ടിക്കൊടുക്കണം. നേരിട്ടു വെയില്‍ തട്ടുന്ന സ്ഥലത്ത് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം വേനല്‍ക്ക് തെങ്ങോലയോ മറ്റോ കൊണ്ട് തൈകള്‍ക്ക് തണല്‍ നല്‍കണം. വേനല്‍കാലത്ത് തണല്‍ നല്‍കുന്നതു പോലെ തോട്ടങ്ങളില്‍ വര്‍ഷ കാലത്ത് തണല്‍ വൃക്ഷങ്ങളുടെ കമ്പുകോതി തണല്‍ നിയന്ത്രിക്കുകയം വേണം.
സസ്യസംരക്ഷണം
  • ദ്രുതവാട്ടം
കുരുമുളകിന്റെ ഏറ്റവും മാരകമായ രോഗം. 'ഫൈറ്റോഫ്തോറ കാപ്സിസി' എന്ന കുമിള്‍ രോഗകാരണം.  മഴക്കാലത്ത് രോഗം വ്യാപിക്കുന്നു. ഇലയില്‍ തിളച്ച വെളളം വീണ് പൊളളിയതുപോലുളള പാടുകള്‍, ഇല കൊഴിച്ചില്‍, തണ്ടു ചീയല്‍, ചുവടഴുകല്‍, വേരുചീയല്‍ തുടങ്ങിയവ രോഗലക്ഷണങ്ങള്‍. ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം മെയ്- ജൂണ്‍ മാസങ്ങളില്‍ തളിയ്ക്കുക; 0.2 ശതമാനം വീര്യമുളള ഫൈറ്റോലാന്‍ ലായനി വളളി ഒന്നിന് 4 5 ലിറ്റര്‍ എന്ന തോതില്‍ കടയില്‍ ഒഴിച്ചു കൊടുക്കുക; തോട്ടത്തില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുക, ഓരോ കൊടിക്കും 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക, തുടങ്ങിയവ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍.
  • പൊളളുരോഗം
'കൊളറ്റോട്രിക്കം ഗ്ളിയോസോപോറിയോയിഡ്സ് ' എന്ന കുമിളാണ് പൊളളുരോഗത്തിന് കാരണം. കരുമുളകിന്റെ ഇലകളില്‍ മഞ്ഞ നിറത്തിലുളള പൊട്ടുകളായി രോഗം തുടങ്ങി ക്രമേണ അതിനു നിറം മാറ്റം സംഭവിച്ച് രോഗം വ്യാപിക്കുന്നു. മണികളും തിരികളും വളര്‍ച്ച മുരടിയ്ക്കുകയോ കൊഴിയുകയോ ചെയ്യുന്നു.
കീടങ്ങള്‍
  • പൊളളുവണ്ട്
മൂപ്പെത്താത്ത മണികളുടെ ഉള്‍ക്കാമ്പ് തിന്നു നശിപ്പിക്കുന്ന വണ്ട്. 30% വരെ കൃഷിനാശം ഉണ്ടാകാറുണ്ട്. കൂടുതല്‍ തണലുളള തോട്ടങ്ങളില്‍ ഉപദ്രവം രൂക്ഷം. റോഗര്‍ 30 ഇ.സി. 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 0.025% എക്കാലക്സ് 25 ഇ.സി ഒരു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലര്‍ത്തി കൊടികളില്‍ തളിച്ച് കീടശല്യം നിയന്ത്രിക്കാം.
  • തണ്ടുതുരപ്പന്‍ പുഴു
ഇളം തണ്ടു തുരന്ന് ഉള്‍ഭാഗം തിന്നു തീര്‍ക്കുന്നു. അഗ്രമുകുളങ്ങള്‍ കരിയുന്നു. ചെറിയ കൊടികള്‍ പൂര്‍ണ്ണമായും നശിക്കുന്നു. 0.05 % ഡൈമെത്തൊയേറ്റ് (റോഗര്‍) 7 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയോ ഡൈമെക്രോണ്‍ അരമില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയതോ തളിച്ചാല്‍ പുഴവിന്റെ ഉപദ്രവം കുറയ്ക്കാം.
  • ഇലപ്പേന്‍
റോഗര്‍ 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയതോ നുവാക്രോണ്‍ 1 1/4 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയതോ തളിക്കാം
ഇലയുടെ അരികുകള്‍ ചുരുട്ടി കരുമുളകു കൊടിയില്‍ കഴിഞ്ഞുകൂടുന്ന പ്രാണി ഇലകള്‍ക്കുളളിലെ നീര് ഊറ്റിക്കുടിയ്ക്കുന്നു.


Photo courtesy : aswathikasimadom.blogspot

No comments

Copyright (c) 2015 Glory Farm. Powered by Blogger.