Header Ads

We inspire and promote your farming.

പടർന്നു പന്തലിച്ച കറിവേപ്പ് / കരിയാപ്പ്‌ മരം

Murraya koenigii എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കറിവേപ്പ്‌ (കരിയാപ്പ്‌) വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്‌. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തതിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു.
കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്‌.




കറിവേപ്പിലകള്‍ക്ക്‌ വേപ്പിലകളോട്‌ സാദൃശ്യമുണ്ട്‌. ഇക്കാരണംകൊണ്ടുതന്നെ പലരും കറിവേപ്പിനെ കറുത്ത വേപ്പ്‌ എന്ന അര്‍ത്ഥം വരുന്ന “കരിവേപ്പ്‌” എന്നു വിളിക്കാറുണ്ട്‌. “കരിവേപ്പില്‍” നിന്നാവാം ഒരുപക്ഷേ “കരിയാപ്പ്‌” എന്ന പദം ഉണ്ടായിട്ടുള്ളത്‌. വേപ്പുമരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, കറിവേപ്പ്‌ വളരെ ചെറിയ ഒരു മരമോ കുറ്റിച്ചെടിയോ ആണ്‌. കറിവേപ്പിന്‌ തെലുങ്കില്‍ “കറിവേപ്പകു” എന്നും തമിഴില്‍ “കറുവേപ്പിലെ” എന്നും ഹിന്ദിയില്‍ “കറി പത്ത” എന്നും പറയും. കന്നടക്കാര്‍ക്ക്‌ കറിവേപ്പ്‌ “കറി ബേവു” ആണ്‌. കറിവേപ്പിലയുടെ സുഗന്ധവും, ഔഷധഗുണവും മൂലം പല ഇന്ത്യന്‍, ശ്രീലങ്കന്‍ കറികളിലും കറിവേപ്പില ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

2006 മുതല്‍ കറിവേപ്പിനെ Bergera എന്ന്‌ ജീനസില്‍ ഉള്‍പ്പെടുത്തുകയും കരിവേപ്പിലയുടെ ശാസ്ത്രീയ നാമം Bergera Koenigii എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഒരു വ്യാഴവട്ടക്കാലം തമിഴ്‌നാട്ടില്‍ താമസിച്ച്‌ ഗവേഷണം നടത്തിയ ജര്‍മന്‍ സസ്യശാസ്ത്രജ്ഞന്‍ Johann Gerhard Koenig (1728-1785)-ന്റെ പേരിലാണ്‌ കറിവേപ്പ്‌ ശാസ്ത്രീയമായി അറിയപ്പെടുന്നത്‌. ഇന്ത്യയെക്കൂടാതെ ചൈന, നേപ്പാള്‍, ലാവോസ്‌, മ്യാന്‍മാര്‍, തായ്‌ലാന്റ്‌, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും കറിവേപ്പില ഒരു സുഗന്ധവ്യന്‍ജനമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌ പക്ഷേ വ്യവസായിക അടിസ്ഥാനത്തില്‍ കറിവേപ്പില കൃഷി വളരെ വിരളമാണ്‌.

കടപ്പാട് : ജയകേരളം 

No comments

Copyright (c) 2015 Glory Farm. Powered by Blogger.