Header Ads

We inspire and promote your farming.

ഗ്രാമ്പൂ കൃഷി


ഒരു സുഗന്ധദ്രവ്യമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തില്‍  പെട്ട ചെടികളില്‍  ഉണ്ടാവുന്ന പൂക്കള്‍ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതില്‍  നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയില്‍  പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ , ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍  ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. പുരാതനകാലം മുതല്‍ക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുന്‍പുള്ള ദശകങ്ങളില്‍  കേരളത്തില്‍  നിന്ന് കുരുമുളകിനൊപ്പംകയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളില്‍  കരയാമ്പൂവും ഉള്‍പ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍  പരാമര്‍ശമുണ്ട്.  
             നൂറ് വര്‍ഷത്തിന് മേല്‍വരെ നിലനില്‍ക്കും. ആദായവും കിട്ടും. മുന്തിയ മരങ്ങളുടെ വിത്ത് ശേഖരിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. താഴെ വീഴുന്നവയെയും പാകമായവയും പറിച്ച ഉടന്‍ തന്നെ വെള്ളത്തിലിട്ട് തൊലി കളഞ്ഞ് കാലതാമസം വരാതെ പുതയിട്ട് ക്രമമായി നനച്ചാല്‍ മൂന്നാഴ്ചകൊണ്ട് കിളിര്‍ക്കും. നാലില പ്രായമാകുമ്പോള്‍ ഇളക്കി പോളി ബാഗുകളിലാക്കി തണലില്‍ സൂക്ഷിച്ച് മഴക്കാല ആരംഭത്തില്‍ നടാം.

            തൈകള്‍ നടാന്‍ മുന്‍കൂട്ടി കുഴികളെടുക്കണം. ചെടികള്‍ തമ്മില്‍ 25 അടി അകലവും കുഴികള്‍ക്ക് ഒന്നരയടി ചതുരവും ആഴവും വേണം. ഒരേക്കറില്‍ 80 മുതല്‍ 100 വരെ ചെടി നടാം. മേല്‍മണ്ണിനോടൊപ്പം 10 കിലോ ചാണകപ്പൊടിയും ഓരോ കിലോ വീതം വേപ്പിന്‍ പിണ്ണാക്കും, എള്ളിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കുഴി മൂടി മഴക്കാലം തുടങ്ങുമ്പോള്‍ നട്ട് തണലും നല്‍കണം. വര്‍ഷംതോറും ഓരോ കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും നല്‍കി കളമെടുക്കാം. ചെറുശാഖകളാല്‍ അധികം പടരാതെ വളരുന്ന ഗ്രാമ്പൂ മരം 30 അടിയോളം ഉയരം വെക്കും. ഇവിടെ മൂന്നാം വര്‍ഷം മുതല്‍ പൂവിട്ടു തുടങ്ങുമെന്ന് ജെയിംസ് പറഞ്ഞു. ആദ്യം 150 മുതല്‍ 300 ഗ്രാം വരെയും തുടര്‍ന്ന് വളരുംതോറും വിളവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. സപ്തംബറില്‍ പൂക്കുന്ന മരം ജനവരി ഫിബ്രവരി മാസങ്ങളില്‍ പറിക്കാം. 

                പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്നും 100 -150 കിലോ പച്ച പൂമൊട്ടുകള്‍ ലഭിക്കുമെന്ന് ഇവിടത്തെ കര്‍ഷകര്‍ പറഞ്ഞു. ഇവ ഉണക്കിയാല്‍ മൂന്നിലൊന്നായി കുറയും. ചെറു ചില്ലകളുടെ അഗ്രഭാഗത്ത് കൊത്തുകളായിട്ടാണ് ഇവ പൂക്കുന്നത്. ആദ്യം ഇളം പച്ച നിറത്തിലുള്ളവ. പാകമാകുമ്പോള്‍ ഞെട്ടു മുതല്‍ അഗ്രം വരെ പിങ്ക് നിറമായിത്തീരും. ഇതാണ് പറിക്കാന്‍ പറ്റിയ സമയം. മൂക്കാത്ത മൊട്ടിനും വിടര്‍ന്നവയ്ക്കും വില കിട്ടുകയില്ല. അതുകൊണ്ടുതന്നെ വിളവെടുപ്പ് ശ്രമകരമാണ്. ഏണിചാരി ചില്ലകള്‍ വളച്ച് മൊട്ടുകള്‍ പറിക്കും. രണ്ടു മൂന്ന് തവണകളായി ഒരു മരത്തില്‍നിന്ന് മുഴുവനായും പറിച്ചെടുക്കാം. പറിച്ച ഉടന്‍ ഞെട്ടുകള്‍ മാറ്റി സിമന്റ് കളങ്ങളില്‍ നിരത്തി പലതവണ ഇളക്കി നാല് ദിവസത്തോളം ഉണക്കിപാറ്റിയ ശേഷം തുണിസഞ്ചികളിലോ പ്ലാസ്റ്റിക് ലെയറുള്ള ചാക്കുകളിലോ നിറച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിച്ച് വില്‍ക്കുന്നു. 

           കൊമ്പുണക്കല്‍, ഇലപ്പുള്ളി രോഗം, എന്നിവ വരാതിരിക്കാന്‍ മഴക്കാലത്തിനുമുമ്പ് പത്ത് ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കും.     

No comments

Copyright (c) 2015 Glory Farm. Powered by Blogger.