Header Ads

We inspire and promote your farming.

ഓര്‍ക്കിഡിന്റെ മഴക്കാല സംരക്ഷണം


                                           


                                           

 വര്‍ണവൈവിധ്യവും അസുലഭാകൃതിയും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യവും ഓര്‍ക്കിഡിനെ ലോക പുഷ്പവിപണിയിലെ തിളങ്ങുന്ന താരമാക്കുന്നു. തായ്ലന്‍ഡ്, ഹോളണ്ട്, മലേഷ്യ, സിംഗപ്പുര്‍ എന്നീ വിദേശരാജ്യങ്ങളൊക്കെ പുതിയ നിറവും രൂപവും ഉള്ള ഓര്‍ക്കിഡ് പൂക്കള്‍ സങ്കരണത്തിലൂടെ ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ കൊയ്ത്തു നടത്തുന്നു. ഒരേ ജനുസ്സില്‍പ്പെട്ട വിവിധയിനം സ്പീഷീസുകള്‍ തമ്മിലും ജനുസ്സുകള്‍ തമ്മിലും സങ്കരണം നടത്തി ഉരുത്തിരിച്ചെടുത്ത ഇനങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.

               ഓര്‍ക്കിഡേസി എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന ഓര്‍ക്കിഡില്‍ ഏകദേശം 800 ജനുസ്സിലായി 35,000ത്തോളം സ്പീഷീസുകള്‍ ഉണ്ട്. ഇവയില്‍ ആയിരത്തി അഞ്ഞൂറോളം സ്പീഷീസുകള്‍ ഇന്ത്യയില്‍ ഉത്ഭവിച്ചതാണ്. ഒന്നരലക്ഷത്തോളം സങ്കരയിനങ്ങളും പ്രചാരത്തിലുണ്ട്. സങ്കരയിനങ്ങള്‍ ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്.

              ഓര്‍ക്കിഡിന്റെ വളര്‍ച്ചാസ്വഭാവം അനുസരിച്ച് തറയില്‍ നേരിട്ടോ പ്രത്യേകം ഓര്‍ക്കിഡ് ചട്ടികളിലോ നടാം. രീതി ഏതായാലും നല്ല നീര്‍വാര്‍ച്ചയും വായുസഞ്ചാരവും ഉണ്ടാകാന്‍ ശ്രദ്ധിക്കണം. വശങ്ങളിലും അടിവശത്തും വലിയ ദ്വാരങ്ങളുള്ള മണ്‍ചട്ടികള്‍ , മരപ്പെട്ടികള്‍ , ചകിരിത്തൊണ്ട് എന്നിവ ഓര്‍ക്കിഡ് വളര്‍ത്താന്‍ ഉപയോഗിക്കാം. കരി, ചകിരി, ഇഷ്ടികയുടെയോ ഓടിന്റെയോ കഷണങ്ങള്‍ , തേങ്ങാമടല്‍ നുറുക്കിയത്, കരിങ്കല്‍ച്ചീളുകള്‍ , കരിക്കട്ട എന്നിവ ഇവ വളര്‍ത്താന്‍ പറ്റിയ മാധ്യമങ്ങളാണ്.

               ഓര്‍ക്കിഡില്‍ തണല്‍ ആവശ്യമുള്ളവയും ഇല്ലാത്തവയുമുണ്ട്. വാന്‍ഡകള്‍ , അരാക്നിസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഫലനോപ്സിഡ്, ആസ്കോ സെന്‍ഡ, ഓണ്‍സിഡിയം, സിംബിഡിയം എന്നീ സ്പീഷീസുകളുടെ ഇനങ്ങള്‍ക്ക് തണല്‍ ആവശ്യമാണ്. ഇവയില്‍ത്തന്നെ തണലിന്റെ അളവ് ഇനങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പ്രകാശം ആവശ്യത്തിനുമാത്രം നല്‍കുന്ന ഷേഡ്നെറ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണം.

              ഓര്‍ക്കിഡ് ചെടികള്‍ വളര്‍ന്നുകഴിഞ്ഞ് ആവശ്യം വരുമ്പോള്‍ മാറ്റിനടുമ്പോള്‍ ശ്രദ്ധവേണം. വേരുഭാഗത്തിന് ഇടക്കിടെ ഇളക്കംതട്ടിയാല്‍ ചെടികള്‍ പുഷ്പിക്കാന്‍ വൈകും. ചെടികള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മാറ്റിനട്ടാല്‍ മതി. ചെടികള്‍ മാറ്റി നട്ടശേഷം രണ്ടോ മൂന്നോ ദിവസം നനയ്ക്കാതിരുന്നാല്‍ മുറിഭാഗങ്ങള്‍ വേഗം ഉണങ്ങി പുതിയ വേരുകളെ ഉത്തേജിപ്പിക്കും. ചാണകവും വേപ്പിന്‍പിണ്ണാക്കും കലക്കി സൂക്ഷിച്ചുവച്ച് അതില്‍നിന്ന് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ തെളിയൂറ്റി വെള്ളം ചേര്‍ത്ത് തളിച്ചുകൊടുക്കുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായകമാകും. നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂന്നു മൂലകങ്ങളടങ്ങിയ കോംപ്ലക്സ് വളം ഒരുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇടയ്ക്ക് കലക്കിത്തളിക്കുന്നതും നല്ലതാണ്. ഗോമൂത്രം അഞ്ച്-ആറ് ഇരട്ടി വെള്ളംചേര്‍ത്തും തളിക്കാം.

           ഓര്‍ക്കിഡ് ചെടിക്ക് വെള്ളം കെട്ടിനില്‍ക്കാന്‍ ഒരിക്കലും അനുവദിക്കരുത്. നല്ല ഈര്‍പ്പം എപ്പോഴും ഉള്ള അന്തരീക്ഷമാണ് ആവശ്യം. വേനല്‍ക്കാലങ്ങളില്‍ ദിവസവും ചെറിയ നന നല്‍കണം. ഈര്‍പ്പം കൂടുകയും പ്രകാശം കുറയുകയും ചെയ്താല്‍ കുമിള്‍രോഗബാധ എളുപ്പം പിടിപെടും. മഴക്കാലത്തു കാണുന്ന പ്രധാന രോഗമാണ് വേരുചീയല്‍ . വേരുകള്‍ അഴുകി ചെടികള്‍ നശിക്കുന്നതാണ് രോഗലക്ഷണം. മഴക്കാലത്ത് കൂടുതല്‍ ഈര്‍പ്പം നല്‍കുന്ന ചികിരിത്തൊണ്ട് കൂടുതലായി ഇടരുത്. ആഴ്ചയിലൊരിക്കല്‍ കാലിക്സിന്‍ എന്ന മരുന്ന് ഒരു മി.ലിറ്റര്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുക്കുകയാണ് പ്രതിവിധി. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് ചെടികള്‍ വളരാനും പുഷ്പിക്കാനും പൊതുവെ അനുയോജ്യമാണെങ്കിലും തെക്കന്‍ കേരളത്തിലെ കാലാവസ്ഥയാണ് കൂടുതല്‍ അനുയോജ്യം. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പനിലയും ഇളംചൂടുള്ള കാറ്റും ഓര്‍ക്കിഡ് ചെടികളെ പുഷ്പിണിയാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

Courtesy :www.deshabhimani.com

Image Courtesy : http://flowerwallpapers.net

No comments

Copyright (c) 2015 Glory Farm. Powered by Blogger.