Header Ads

We inspire and promote your farming.

കിങ് ചാള്‍സ് സ്‌പാനിയല്‍


 

രാജാക്കന്മാരുടെ പേരില്‍ അറിയപ്പെട്ട് പ്രശസ്തരായ ചില നായ്ക്കളുണ്ട്. അതിലൊരാളാണ് 'കിങ് ചാള്‍സ് സ്പാനിയല്‍'. രാജപ്രതാപകാലത്ത് അവരോടൊപ്പം വി.വി.ഐ.പി.കളായി കഴിഞ്ഞ് സുഖജീവിതം നയിച്ചിരുന്നവരാണിവര്‍. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്റെ(1630-1685) അരുമകളായിരുന്നതിനാലാണ് ഇവയ്ക്ക് ആപേര് വന്നത്. അതിന് മുന്‍പ് മേരി ട്യൂഡറുടെ(1516-1558) കാലത്തും ഇവര്‍ ഇംഗ്ലീഷ് രാജവംശത്തിന്റെ അരുമകളായിരുന്നു.

അന്നത്തെക്കാലത്ത് രാജാവിനോളംതന്നെ ജനങ്ങള്‍ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഇവരുടെ ജീവിതത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. സുഖഭക്ഷണം, സുഖജീവിതം!

കിങ് ചാള്‍സ് സ്പാനിയലിനെ ഇംഗ്ലീഷ് ടോയ് സ്പാനിയല്‍ എന്നും അറിയപ്പെടാറുണ്ട്. 1903ലാണ് കെന്നല്‍ ക്ലബ് നാല് വ്യത്യസ്ത സ്പാനിയല്‍ കുടുംബങ്ങളെ ഒന്നാക്കി കിങ് ചാള്‍സ് സ്പാനിയല്‍ എന്ന ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്. രാജവംശത്തില്‍പ്പെട്ടവര്‍ ഈ നായ്ക്കളെ സമ്മാനമായി നല്കിയിരുന്നു.

മുന്‍കാല പെയിന്റിങ്ങുകളിലും സാഹിത്യങ്ങളിലും എന്നും നിറസാന്നിധ്യമായിരുന്നു ചാള്‍സ് സ്പാനിയല്‍. ചാള്‍സ് രണ്ടാമന്റെ കാലത്ത് രാജകൊട്ടാരത്തിലൂടെ യാതൊരു വിലക്കുമില്ലാതെ അലഞ്ഞുനടന്നിരുന്ന ഈ നായ്ക്കളെക്കുറിച്ച് സാമുവല്‍ പെപ്പീസിന്റെ ഡയറിയിലുണ്ട്. ജെയിംസ് രണ്ടാമന്റെ കാലത്തും ഇവര്‍ക്ക് വി.വി.ഐ.പി. പരിഗണനയായിരുന്നു. വിക്ടോറിയ രാജ്ഞിയുടെ ആദ്യത്തെ അരുമയായ 'ഡാഷ്' എന്ന് പേരുള്ള നായ ചാള്‍സ് സ്പാനിയല്‍ ആണെന്ന് പറയുന്നു.ഇവയുടെ ശരീരപ്രകൃതിയെക്കുറിച്ച് നോക്കാം. മൂന്നുമുതല്‍ ആറ് കിലോഗ്രാം ഭാരവും 23-28 സെന്റിമീറ്റര്‍ ഉയരവും മാത്രമേയുള്ളൂ. അതായത്, ഒരു പന്ത് തട്ടിയെറിയുന്ന ലാഘവത്തോടെ ഇതിനെ തട്ടിയെറിയാം എന്നര്‍ഥം. 10 വര്‍ഷംവരെയാണ് ആയുസ്സ്. കറുപ്പ്, തവിട്ട്, കറുപ്പിനൊപ്പം തവിട്ട് നിറത്തില്‍ പാട്, വെള്ളയും കറുപ്പും, ചുവപ്പ് എന്നീ നിറങ്ങളില്‍ ഇവയെ കാണാം. വലിയ കറുത്ത കണ്ണുകളും ചെറിയ മൂക്കും നല്ല വലിപ്പമുള്ള തലയും വായ്ക്ക് ചുറ്റുമുള്ള കറുത്ത തൊലിയും ഇതിന്റെ പ്രത്യേകതകളാണ്.

പരമ്പരാഗതമായി വാല് മുറിച്ചവരാണിവര്‍. ഒടിഞ്ഞ് മടങ്ങിക്കിടക്കുന്ന വലിയ ചെവികളും നീളംകൂടിയ രോമവും ഇവയുടെ മറ്റു പ്രത്യേകതകളാണ്. നല്ല രോമമുള്ളവയായതിനാല്‍ ദിവസവുമുള്ള ബ്രഷിങ് നിര്‍ബന്ധമാണ്. മുന്‍കാലങ്ങളില്‍ ഇവയെ നായാട്ടിനാണ് ഉപയോഗിച്ചിരുന്നതെങ്കിലും 'കുറിയ' ശരീരപ്രകൃതി നായാട്ടിന് ഒരു പ്രധാന തടസ്സമായിരുന്നു.

കുടുംബാംഗങ്ങളുടെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഇവര്‍ അത്ര നല്ല കാവല്‍നായയാണെന്ന് പറയാനാവില്ല. അപരിചിതരെ കണ്ടാല്‍ കുരച്ച് ബഹളംവയ്ക്കുമെന്നല്ലാതെ അവരുടെനേരെ ചാടുമെന്ന് പറയാനാവില്ല. ദീര്‍ഘകാലം ഒറ്റയ്ക്ക് കഴിയാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ വീട്ടിനുള്ളിലെ സുഖവാസമാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ, ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക്കൊക്കെ പ്രിയങ്കരരാണ് ഇവര്‍. അനുസരണയിലും ബുദ്ധിശക്തിയിലും ഏറെ മുന്നിലായതിനാല്‍ വിദേശത്ത് ആസ്പത്രികളില്‍ നഴ്‌സുമാരെ സഹായിക്കാന്‍ ഇവരെ നിയോഗിക്കാറുണ്ട്. ഇവര്‍ക്ക് അസുഖങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കണ്ണിന്റെ അസുഖവുമാണ് ഇതില്‍ പ്രധാനം.

No comments

Copyright (c) 2015 Glory Farm. Powered by Blogger.