Header Ads

We inspire and promote your farming.

വഴുതനകൃഷിക്ക് സമയമായി

നമ്മുടെ അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. നാടനും മറുനാടനുമായി പലയിനങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

നാട്ടിന്‍പുറങ്ങളില്‍ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഇനമാണ് നീലവഴുതന. ആറടിയോളം ഉയരത്തില്‍ ശാഖകളോടെ വളരും, മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും എന്നിവയെല്ലാം നാടന്‍ നീലവഴുതനയുടെ പ്രത്യേകതകളാണ്.

വഴുതന എല്ലാകാലത്തും കൃഷിചെയ്യാമെങ്കിലും കാലവര്‍ഷാരംഭമാണ് കൂടുതല്‍ യോജിച്ചത്. അതിന് ഇപ്പോഴേ തയ്യാറാവാം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച കൂടകളില്‍ പാകണം. ദിവസേന ചെറിയതോതില്‍ നന നല്‍കണം.

രണ്ടാഴ്ചയ്ക്കുള്ളില്‍ വഴുതന മുളച്ച് തൈകള്‍ വളര്‍ന്നുതുടങ്ങും.

മഴക്കാലാരംഭത്തോടെ തൈകള്‍ കൂട കീറിക്കളഞ്ഞ് സൂക്ഷ്മതയോടെ ഇളക്കിയെടുത്ത് നടാം. നല്ലവെയില്‍ ലഭിക്കുന്ന സ്ഥലത്ത് ഉണക്കിപ്പൊടിച്ച ചാണകമോ ജൈവവളമോ ചേര്‍ത്തെടുത്ത തടമാണ് നടാന്‍ അനുയോജ്യം. തൈകള്‍ കാറ്റില്‍ ഒടിഞ്ഞുപോകാതിരിക്കാന്‍ ചെറിയ കമ്പുനാട്ടി കെട്ടിക്കൊടുക്കണം. ചുവടുപിടിച്ച് വളര്‍ന്നുതുടങ്ങുമ്പോള്‍ ചെടികള്‍ക്ക് മണ്ണ് കൂട്ടിക്കൊടുക്കണം. രണ്ടുമാസംകൊണ്ട് വഴുതനച്ചെടികള്‍ കായ്ഫലം തന്നുതുടങ്ങും.

ഒരടി നീളമുള്ള വലിയ കായ്കളാണ് നാടന്‍ നീലവഴുതനയ്ക്കുണ്ടാവുക. ഒരു മാസത്തിനുള്ളില്‍ ഇവ വിളവെടുത്തുതുടങ്ങാം. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായാല്‍ വേപ്പെണ്ണ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

Courtesy :  Mathrubhumi- agriculture
Image Courtesy : Jannath Shaji 

No comments

Copyright (c) 2015 Glory Farm. Powered by Blogger.