Header Ads

We inspire and promote your farming.

കൂര്‍ക്ക കൃഷി

                                          കൂർക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂർക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു.
കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ്
മദ്ധ്യകേരളത്തിൽ ഇത് വിപുലമായി കൃഷി ചെയ്തുവരുന്നു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇതിന്റെ കൃഷി കൂടുതൽ വ്യാപകമായി കാണാവുന്നത്. ഒന്നാം വിള നെൽകൃഷി ചെയ്തുകഴിഞ്ഞ പാടങ്ങളിലും കരപ്പറമ്പുകളിലുമാണ് കൂർക്ക കൃഷി ചെയ്യുന്നത്.
                                            എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.

                                          ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേഅളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം. ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.

                                          കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി. നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്-ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്.

Courtesy : Wiki ,  Mathrubhumi- agriculture

No comments

Copyright (c) 2015 Glory Farm. Powered by Blogger.