Header Ads

We inspire and promote your farming.

വര്‍ണ്ണമത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?


ചില്ലുകൂട്ടിന്റെ ഹരിതാഭയും, അതില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണമത്സ്യങ്ങളും, ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. പക്ഷെ, അതുപോലെയൊരെണ്ണം സ്വന്തമാക്കാന്‍ ധൃതിപ്പെടുന്ന തുടക്കക്കാര്‍ക്ക്, പലപ്പോഴും നിരാശയായിരിക്കും ഫലം. ശരിയായ സാങ്കേതിക പരിജ്ഞാനമില്ലാതെ തുനിഞ്ഞിറങ്ങിയാല്‍, ദിവസങ്ങള്‍ക്കകം മത്സ്യങ്ങളെല്ലാം ചത്തുപോകുകയും, 'ഇനി ഈ പണിക്കില്ല' എന്ന് കരുതി, വളരെ വിജ്ഞാനപ്രദമായ ഈ ഹോബി നിങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്യും.




               പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന, അപ്രതീക്ഷിത അക്വേറിയം പരാജയങ്ങളെ ഒഴിവാക്കാന്‍, ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം.

1. അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്താന്‍ തുടങ്ങുന്നതിന് മുന്‍പ്, അക്വേറിയം പരിപാലനത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാന പുസ്തകമെങ്കിലും വായിക്കാന്‍ ശ്രമിക്കുക.

2. ഇന്റര്‍നെറ്റില്‍ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ തരുന്ന ധാരാളം വെബ്‌സൈറ്റുകളും ഫോറങ്ങളുമുണ്ട്. പക്ഷേ മിക്കപ്പോഴും ഇത്തരം സൈറ്റുകളില്‍ തെറ്റായ പല വിവരങ്ങളും കടന്നു കൂടുന്നതായി കണ്ടുവരുന്നു. (എന്നുവെച്ച് എല്ലാ വെബ്‌സൈറ്റുകളും മോശമാണെന്നല്ല). അതുകൊണ്ട്, ഇന്റര്‍നെറ്റില്‍ കണ്ട രീതികള്‍ പ്രാവര്‍ത്തികമാക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. തുടക്കക്കാര്‍ക്കു പുസ്തകം തന്നെയാണ് അഭികാമ്യം.

3. നിങ്ങളുടെ പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്വേറിയമുണ്ടെങ്കില്‍ അവരുടെ വീടുകളില്‍ സ്ഥാപിച്ച ടാങ്കുകള്‍ കാണുകയും, അവരുടെ അനുഭവങ്ങളില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

4. പരിചയസമ്പന്നനും, ലാഭം മാത്രം ലക്ഷ്യം വക്കാതെ താന്‍ നേടിയ അറിവുകള്‍ പങ്കുവെക്കാന്‍ തയ്യാറുമുള്ള അക്വേറിയം കടയുടമയെ കണ്ടെത്തി, അദ്ദേഹത്തില്‍ നിന്ന് മാത്രം മത്സ്യങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുക.

5. അക്വേറിയത്തിനു വേണ്ട ശുദ്ധജലം യഥേഷ്ടം ലഭിക്കുമെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തണം.

6. അക്വേറിയത്തിനെത്ര വലിപ്പം വേണം, എവിടെ സ്ഥാപിക്കണം, ഏതെല്ലാം മത്സ്യങ്ങളെയും ജലസസ്യങ്ങളെയും വളര്‍ത്തണം തുടങ്ങിയവ മുന്‍കൂട്ടി തീരുമാനിച്ച്, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രം സാധനങ്ങള്‍ വാങ്ങാന്‍ അക്വേറിയം കടയിലേക്ക് പോകുക.

7. അക്വേറിയത്തിലെ പ്രധാന ഭാഗങ്ങളായ ഫില്‍റ്റര്‍, ഹീറ്റര്‍, എയര്‍ പമ്പ്, ലാമ്പ് തുടങ്ങിയവ, വിശ്വസിക്കാവുന്ന കമ്പനികളുടേതാണെന്ന് ഉറപ്പുവരുത്തുക. വില അല്പം കൂടുതല്‍ കൊടുക്കേണ്ടി വന്നാലും, ഇവയായിരിക്കും ഭാവിയില്‍ കൂടുതല്‍ സുരക്ഷിതവും ലാഭകരവും.

8. വിവിധയിനം മത്സ്യങ്ങളെയും ജലസസ്യങ്ങളെയും, പലതവണകളിലായി വേണം അക്വേറിയത്തില്‍ സ്റ്റോക്ക് ചെയ്യാന്‍. പലപ്പോഴും നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന എല്ലാ മത്സ്യങ്ങളും ജലസസ്യങ്ങളും, ഒരേ സമയം കടയില്‍ ലഭ്യമായി എന്നു വരില്ല.

9. നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍ക്കു ജീവിക്കാന്‍ പര്യാപ്തമായിരിക്കണം, ടാങ്കിന്റെ വലിപ്പം, പരിധിയില്‍ കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അഭിലഷണീയമല്ല.

10. അക്വേറിയം കടയിലെ പല വര്‍ണ്ണമത്സ്യങ്ങളും നിങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചെന്നുവരാം. എടുത്തു ചാടി അവയെ വാങ്ങാനുള്ള ആഗ്രഹം മാറ്റിനിര്‍ത്തി, മുന്‍കൂട്ടി തീരുമാനിച്ചവയെ മാത്രം വാങ്ങുക.

11. അസുഖങ്ങളില്ലാത്ത ആരോഗ്യമുള്ള മത്സ്യങ്ങളെ തിരഞ്ഞെടുക്കുക.

12. മത്സ്യയിനങ്ങളിലെ ആണ്‍-പെണ്‍ അനുപാതം മനസ്സിലാക്കി, അതനുസരിച്ചു മാത്രം മത്സ്യങ്ങളെ വാങ്ങുക.

13. പുതുതായി വാങ്ങുന്ന മത്സ്യങ്ങളെ രണ്ടാഴ്ചയെങ്കിലും ക്വാറന്റൈന്‍ ടാങ്കിലിട്ട് ( രോഗ-കീട ബാധിത മത്സ്യങ്ങളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേകം അക്വേറിയം) നിരീക്ഷിച്ച്, അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം, പ്രധാന ടാങ്കിലേക്കു മാറ്റുക.

14.അക്വേറിയത്തിലെ വെള്ളത്തിന്റെ ഗുണമേന്മ, കാലാകാലങ്ങളില്‍ വിവിധ ജല-പരിശോധന കിറ്റുകളോ, സ്ട്രിപ്പുകളോ ഉപയോഗിച്ച് ഉറപ്പുവരുത്തുക.

15. ആദ്യമായി അക്വേറിയം തുടങ്ങുന്നവര്‍, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കുന്നത്, പിന്നീട് അവലോകനം നടത്തുവാനും, അങ്ങനെ അറിവു വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

16. മത്സ്യങ്ങളിലെ രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ, വിവിധ മരുന്നുകള്‍ ഉപയോഗിക്കുന്നതിനുമുമ്പ് അവയുടെ അനുവദനീയമായ അളവ്, പാര്‍ശ്വഫലങ്ങള്‍ (മൃതുശരീരികളായ മത്സ്യങ്ങള്‍, ജലസസ്യങ്ങള്‍, ചെമ്മീന്‍, മറ്റ് അകശേരുകികള്‍, ഒച്ചുകള്‍ എന്നിവയെ എങ്ങനെ ബാധിക്കുന്നു) തുടങ്ങിയവയെക്കുറിച്ചു മനസ്സിലാക്കുക.

17. കൃത്യസമയത്ത് മിതമായ തോതില്‍ ഭക്ഷണം നല്‍കുക, കാലാകാലങ്ങളില്‍ അക്വേറിയത്തിലെ അഴുക്കു നീക്കം ചെയ്തു വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ അലംഭാവമരുത്.

18. അത്യാവശ്യം വേണ്ട മരുന്നുകള്‍, വാട്ടര്‍ സ്റ്റബിലൈസേര്‍സ് (വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍), ടാപ്പ് വെള്ളത്തിലെ ക്ലോറിന്‍ നിര്‍വീര്യമാക്കുന്ന സംയുക്തങ്ങള്‍ തുടങ്ങിയവ കൈവശം വച്ചിരുന്നാല്‍, അപ്രതീക്ഷിത ദുരന്തങ്ങള്‍ ഒഴിവാക്കാം. 

Courtesy : Mathrubhumi - Agriculture 

No comments

Copyright (c) 2015 Glory Farm. Powered by Blogger.