Header Ads

We inspire and promote your farming.

ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനം



                    


.
ഇറച്ചിക്കോഴിക്കുഞ്ഞുങ്ങള്‍ വരുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ ബ്രൂഡര്‍ പ്രവര്‍ത്തിപ്പിച്ച് ചൂട് ആവശ്യത്തിനുണ്ടോ എന്ന് പരിശോധിക്കണം. ചിക്ക്ഗാര്‍ഡിനകത്ത് ലിറ്ററിന് മുകളില്‍ പേപ്പര്‍ വിരിച്ചിടണം. കുഞ്ഞുങ്ങള്‍ ലിറ്റര്‍ തിന്നാതിരിക്കാനാണിത് ചെയ്യുന്നത്. ആദ്യത്തെ മൂന്നുദിവസം പേപ്പറിന് മുകളില്‍ ചോളം പൊടിച്ചതോ പൊടിയരിയോ സ്റ്റാര്‍ട്ടര്‍തീറ്റയോ വിതറിക്കൊടുക്കാം. വെള്ളപ്പാത്രം ഹോവറിന് താഴെവെച്ച് ചൂടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ മൂന്നുദിവസം കൊടുക്കുന്ന വെള്ളത്തില്‍ ഗ്ലൂക്കോസ് കലക്കിക്കൊടുക്കുന്നത് യാത്രാക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഏതാനും ദിവസങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ വെള്ളത്തില്‍ കലര്‍ത്തിക്കൊടുക്കുന്നതും നല്ലതാണ്.

ഹാച്ചറിയില്‍വെച്ച് കോഴിവസന്തയ്‌ക്കെതിരെ ലസ്സോട്ടവാക്‌സിനേഷന്‍ നടത്തിയിട്ടില്ലെങ്കില്‍ അത് ആദ്യത്തെ ആഴ്ചയില്‍ നല്‍കണം. ഒരു ആംപ്യൂള്‍ വാക്‌സിന്‍ പത്ത് മില്ലിലിറ്റര്‍ ഡിസ്റ്റില്‍ഡ് വെള്ളത്തില്‍ കലക്കി ഓരോ തുള്ളിവീതം കണ്ണിലും മൂക്കിലും ഇറ്റിക്കുന്നതാണ് വാക്‌സിനേഷന്‍ രീതി. ഒരു ആംപ്യൂള്‍ വാക്‌സിന്‍ 100 കുഞ്ഞുങ്ങള്‍ക്ക് മതിയാവും. ഈ കുത്തിവെപ്പുമൂലം 12 മുതല്‍ 15 ആഴ്ചയോളം കോഴിവസന്തയ്‌ക്കെതിരെ പ്രതിരോധശക്തി ലഭിക്കുന്നു. നേര്‍പ്പിച്ച വാക്‌സിന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. ഈ വാക്‌സിന്‍ കേരളത്തിലെ എല്ലാ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും ലഭിക്കും

കുഞ്ഞുങ്ങളുടെ പെരുമാറ്റംനോക്കി ചൂട് ക്രമീകരിക്കാം. നാലാംദിവസംതൊട്ട് തീറ്റ പാത്രങ്ങളില്‍ വെച്ചുകൊടുക്കാം. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും ഇടവിട്ട് വെക്കാം.തുടക്കത്തില്‍ ഓരോ ആഴ്ചയിലും ചൂട് 5 ഡിഗ്രി ഫാറന്‍ഹീറ്റ്‌വെച്ച് കുറയ്ക്കാം. തീറ്റയും വെള്ളവും എപ്പോഴും നല്‍കുക, ലിറ്റര്‍ കട്ടപിടിക്കാതിരിക്കുക, വെളിച്ചം എല്ലായ്‌പ്പോഴും ഉണ്ടാവുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്‌ധോപദേശം തേടുക എന്നിവ ഇറച്ചിക്കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ സഹായകമായ ഘടകങ്ങളാണ്.

ഒരു ബാച്ച് കോഴികളെ ഒഴിവാക്കിക്കഴിഞ്ഞാല്‍ കൂട് നന്നായി വൃത്തിയാക്കണം. തറ കഴുകി കുമ്മായം ഇടണം. ചുമരുകള്‍ വൈറ്റ്‌വാഷ് ചെയ്യുന്നതും നല്ലതാണ്. കൂടിന്റെ അകത്തും പുറത്തും അണുനശീകരണത്തിനായി രണ്ടുശതമാനം വീര്യമുള്ള ഫോര്‍മലിന്‍ ഉപയോഗിക്കാം. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും അണുനാശിനികലര്‍ന്ന വെള്ളത്തില്‍ കഴുകി വൃത്തിയാക്കി സൂര്യപ്രകാശത്തില്‍ ഉണക്കണം. ഓരോ ബാച്ചിനും പുതിയ ലിറ്റര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധനടപടികള്‍ സ്വീകരിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

1. ആരോഗ്യമുള്ള കോഴികളില്‍മാത്രമേ പ്രതിരോധകുത്തിവെപ്പുകള്‍ ചെയ്യാവൂ.
2. ഗുണമേന്മയുള്ള ഉത്പാദകരുടെ വാക്‌സിന്‍ വാങ്ങിക്കണം.
3. വാക്‌സിന്‍ ശരിയായ രീതിയില്‍ ശീതീകരണിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
4. വാക്‌സിന്‍ നേര്‍പ്പിക്കാനുള്ള ലായനി ശരിയായ അളവില്‍ എടുക്കണം.
5. ഒരിക്കല്‍ നേര്‍പ്പിച്ച വാക്‌സിന്‍ രണ്ടുമണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം.
6. ഒരു ബാച്ചിലെ മുഴുവന്‍ കോഴികളെയും ഒരേസമയം കുത്തിവെക്കണം.
7. വാക്‌സിനേഷനുശേഷം 2-3 ദിവസം ബി കോംപ്ലക്‌സ് വൈറ്റമിന്‍ കുടിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കണം.
8. വേനല്‍കാലത്ത് പ്രതിരോധ കുത്തിവെപ്പുകള്‍ അതിരാവിലെയോ വൈകിട്ടോചെയ്യുക.
9. കുടിക്കുന്ന വെള്ളത്തില്‍ വാക്‌സിന്‍ കൊടുക്കുമ്പോള്‍ പാത്രം വൃത്തിയാക്കി ക്ലോറിനില്ലാത്ത വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുക. വാക്‌സിന്‍ കലക്കിയ വെള്ളം കൊടുക്കുന്നതിന്റെ 2-3 മണിക്കൂര്‍ മുമ്പേ വെള്ളപ്പാത്രങ്ങള്‍ മാറ്റിവെക്കണം.


കടപ്പാട് : Mathrubhumi 

No comments

Copyright (c) 2015 Glory Farm. Powered by Blogger.