Header Ads

We inspire and promote your farming.

ഫാമുകളില്‍ ഭൗതിക സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍


വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലിവളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍മുടക്കിന്റെ 60%-ല്‍ അധികം ഭൗതിക സൗകര്യ വികസനത്തിന് വേണ്ടി വരും.

സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍

കേരളത്തില്‍ സ്ഥലപരിമിതി ഏറെ സങ്കീര്‍ണ്ണമാണ്. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമേ കേരളത്തിനുള്ളൂ. വന്‍വില നല്‍കി കൂടുതല്‍ സ്ഥലം വാങ്ങി ഫാം തുടങ്ങുന്നത് തീര്‍ത്തും ലാഭകരമല്ല. തരിശായികിടക്കുന്ന സ്ഥലങ്ങള്‍ ഫാമുകള്‍ക്കുവേണ്ടി മാറ്റിയെടുക്കാന്‍ ശ്രമിക്കണം. കൃഷിസ്ഥലങ്ങളില്‍ അനുബന്ധമേഖലയായി കന്നുകാലി വളര്‍ത്തല്‍ തുടങ്ങാനുള്ള സാധ്യത വിലയിരുത്തണം.

ഫാമിനുവേണ്ടി 2-3 പ്ലോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി വാങ്ങുന്നതിനു പകരം ഒരുമിച്ചുള്ള വിസ്തൃതമായ പ്ലോട്ട് വാങ്ങാന്‍ ശ്രമിക്കണം. പ്ലോട്ടിനകത്ത് വെള്ളം, ഒഴുകുന്ന അരുവികള്‍ എന്നിവ നല്ലതാണ്. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കുന്ന കുളങ്ങള്‍ രോഗങ്ങള്‍ക്കിടവരുത്തും. കുത്തനെയുള്ള മലമ്പ്രദേശങ്ങള്‍, വെള്ളം കെട്ടി നില്‍ക്കുന്ന പാടങ്ങള്‍, നീര്‍വാര്‍ച്ചയില്ലാത്ത ചതുപ്പു നിലങ്ങള്‍ എന്നിവ ഫാം തുടങ്ങാന്‍ അനുയോജ്യമല്ല. മണ്ണിന്റെ ഫലഭൂയിഷ്ഠത പ്രധാനമായും വിലയിരുത്തണം. പാറമണലുള്ള സ്ഥലങ്ങളില്‍ ഷെഡ്ഡ്/കെട്ടിട നിര്‍മ്മാണം എളുപ്പത്തിലാക്കാം. കൂടുതല്‍ തണുത്ത കാറ്റടിക്കുന്ന പ്രദേശങ്ങള്‍, കടലോരപ്രദേശങ്ങള്‍ എന്നിവ ഫാമുകള്‍ക്ക് യോജിച്ചതല്ല.

ഫാമിലെ കെട്ടിടങ്ങള്‍ ഗേറ്റില്‍ നിന്നും അകലത്തിലായിരിക്കണം. ജലസംഭരണികള്‍/വാട്ടര്‍ ടാങ്കുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കണം. പശു, ആടുവളര്‍ത്തല്‍ ഫാമുകള്‍ കൂടുതല്‍ ലാഭകരമാക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. കന്നുകാലിവളര്‍ത്തല്‍ ചെലവിന്റെ 75%-ല്‍ അധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കുന്ന കാര്യത്തില്‍ തീറ്റപ്പുല്‍കൃഷിയ്ക്ക് ഗണ്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ സ്പ്രിങ്‌ളര്‍ സംവിധാനം ഏര്‍പ്പെടുത്തി തീറ്റപ്പുല്ല് കൃഷി ചെയ്യാം. ഫാമിലെ മാലിന്യങ്ങള്‍ ശാസ്ത്രീയരീതിയില്‍ സംസ്‌കരിക്കണം. മലിനീകരണ നിയന്ത്രണ സംവിധാനം ജനവാസമുള്ള സ്ഥലത്തുമാവരുത്.

ഡയറി ഫാം തുടങ്ങുമ്പോള്‍ പശുവൊന്നിന് 10 സെന്റ് എന്ന തോതിലും ആടൊന്നിന് 2-3 സെന്റ് എന്ന തോതിലും തീറ്റപ്പുല്‍കൃഷിയ്ക്ക് നീക്കിവയ്ക്കണം. ഫാമിന് ചുറ്റുമതിലോ കമ്പിവേലിയോ നിര്‍മ്മിക്കണം.ഗതാഗതയോഗ്യമായ റോഡ്, വാഹനസൗകര്യം, വൈദ്യുതി ലഭിക്കാനുള്ള സംവിധാനം, യഥേഷ്ടം വെള്ളം ലഭിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കണം. പട്ടണപ്രദേശങ്ങളിലോ ജനവാസം കൂടിയ സ്ഥലങ്ങളിലോ ഫാമുകള്‍ തുടങ്ങരുത്.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍

ഫാമിനുള്ള കെട്ടിടം ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മിക്കണം. ചെലവേറിയ കെട്ടിടങ്ങള്‍, മുതല്‍മുടക്ക് കൂടാനിടവരുത്തും. കൂടിന്/ഷെഡ്ഡിന് മേല്‍ക്കൂരയായി ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ നിര്‍മിക്കുമ്പോള്‍ കെട്ടിടത്തിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. കൂട്ടില്‍ ആവശ്യത്തിന് വായു സഞ്ചാരം വേണം. വെള്ളം കെട്ടി നില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്നതുമായ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം. കാലാവസ്ഥാ വ്യതിയാനം, ക്ഷുദ്രജീവികളുടെ ആക്രമണം എന്നിവയില്‍ നിന്നും സംരക്ഷണം ലഭിക്കത്തക്കവിധം 3 അടി ഉയരത്തില്‍ വശങ്ങളില്‍ ചുമര്‍ഭിത്തിയും മുകളില്‍ കമ്പിവലയും ഘടിപ്പിക്കാം. മോന്തായത്തിന് 10 അടിയെങ്കിലും ഉയരം വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടി താഴ്ന്നു നില്‍ക്കുന്നത് നല്ലതാണ്. പന്നി, കോഴി, ആടുഫാമുകളില്‍ ആവശ്യത്തിന് വൈദ്യുതി ബള്‍ബുകള്‍ ക്രമീകരിക്കണം..

യന്ത്രവത്കരണം

ഫാമിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഉത്പാദനക്ഷമതയും ഉത്പന്നഗുണമേന്മയും വര്‍ധിപ്പിക്കാനും യന്ത്രവത്കരണം സഹായിക്കും. കന്നുകാലി, ആട്, കോഴി, പന്നി ഫാമുകള്‍ക്ക് യോജിച്ച യന്ത്രനത്കൃത സംവിധാനം ഇന്നുണ്ട്.

ചാണകം എടുത്തുമാറ്റാവുന്ന ഓട്ടോമാറ്റിക് Dung Scraper, ഓട്ടോമാറ്റിക് തീറ്റക്രമം, വെള്ളം നല്‍കുന്ന സംവിധാനം, കറവയന്ത്രങ്ങള്‍, തീറ്റപ്പുല്ല് നുറുക്കി നല്‍കാനുള്ള കട്ടര്‍, മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേകതരം പമ്പv (Slurry Pumps), Total Milk Ration System പാക്കിങ്ങ് യൂണിറ്റുകള്‍, ഗുണമേന്മ വിലയിരുത്താവുന്ന സംവിധാനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത മൈക്രോ ചിപ്പുകള്‍ മുതലായവ വന്‍കിട ഫാമുകളില്‍ ഇന്ന് ഉപയോഗിച്ചു വരുന്നു.

വെള്ളം, തീറ്റ എന്നിവ നല്‍കുന്ന ഓട്ടോമാറ്റിക് സംവിധാനം കൂലിച്ചെലവ് കുറയ്ക്കാനും തീറ്റ പാഴായിപ്പോകാതിരിക്കാനും സഹായിക്കും. കോഴി, ആട്, പശുവളര്‍ത്തല്‍ ഫാമുകളില്‍ ഇത് അനുവര്‍ത്തിച്ചു വരുന്നു. പന്നിഫാമുകള്‍ക്ക് വെള്ളം നല്‍കാന്‍ പന്നികള്‍ക്ക് സ്വയം തുറന്ന് ഉപയോഗിക്കാവുന്ന വിധത്തിലുള്ള ടാപ്പുകള്‍ ക്രമീകരിക്കാവുന്നതാണ്.

ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനുള്ള യൂണിറ്റുകള്‍, പാല്‍ ഉത്പന്ന നിര്‍മ്മാണ യൂണിറ്റ് എന്നിവയും ആവശ്യമാണ്. ഉത്പന്ന ശുചിത്വം ഉറപ്പു വരുത്തി സൂക്ഷിപ്പ് കാലയളവ് വര്‍ദ്ധിപ്പിക്കാന്‍ ശീതീകരണികള്‍ സഹായിക്കും.

വിദേശരാജ്യങ്ങളില്‍ ആടുഫാമുകളില്‍ കറവയന്ത്രം ഉപയോഗിച്ചു വരുന്നു. തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍ ഫീഡ് മില്ലുകള്‍, തീറ്റ മിക്‌സിങ്ങ് യൂണിറ്റുകള്‍ എന്നിവയും തുടങ്ങാവുന്നതാണ്.

വിപണനത്തില്‍ പാക്കിങ്ങ് പ്രധാനപ്പെട്ട ഘടകമാണ്. ഉത്പന്നം കേടാകാതിരിക്കാനും ഉപഭോക്താവില്‍ മതിപ്പുളവാക്കുവാനുമുള്ള പാക്കിങ്ങ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം.

സംരംഭകര്‍ സാധാരണയായി ഫാം തുടങ്ങുമ്പോള്‍ എത്ര സ്ഥലം ആവശ്യമാണെന്ന് അന്വേഷിക്കാറുണ്ട്. ഡയറിഫാം, പന്നി ഫാം, ആടുഫാം എന്നിവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. ഫാം ലാഭകരമാക്കാന്‍ കൂടുതല്‍ സ്ഥലവിസ്തൃതി സഹായിക്കും.

Courtesy : Mathrubhumi - Agriculture 

No comments

Copyright (c) 2015 Glory Farm. Powered by Blogger.