Header Ads

We inspire and promote your farming.

മുല്ല കൃഷി

jasmin
മുറ്റത്തെ മുല്ലയ്‌ക്കു മണമുണ്ട്‌. അതില്‍ പണവും ഒളിഞ്ഞിരിപ്പുണ്ട്‌. ഒരു കിലോ നല്ല മുല്ലപ്പൂത്തൈലത്തിന്‌ വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്‌. എന്നതു മാത്രമല്ല ഇതിനു കാരണം. ഒരു ചെറിയ കണക്കു പറയട്ടെ, വര്‍ത്തമാനകാലത്ത്‌ നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ്‌ ജാസ്‌മിന്‍. ഇത്‌ നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ്‌ സ്ഥലത്ത്‌ 30 ചെടി വരെ നടാം. നട്ട്‌ നാല്‌-അഞ്ച്‌ മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന്‌ വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും. ഒരു കിലോ പൂവിന്‌ 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച്‌ വില കിട്ടും. നല്ല വിളവ്‌ തരുന്ന നൂറു ചെടിയുണ്ടെങ്കില്‍ ഒരു വര്‍ഷം കുറഞ്ഞത്‌ 12000 രൂപ വരുമാനവും പ്രതീക്ഷിക്കാം. കേരളത്തില്‍ എറണാകുളം, പാലക്കാട്‌, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ വീട്ടമ്മമാരും, സന്നദ്ധ സംഘടനകളും, സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ യുണിറ്റുകളും ഒക്കെ കൂട്ടായി കുറ്റിമുല്ല വളര്‍ത്തി മികച്ച വിളവു നേടിയിട്ടുണ്ട്‌.

മുല്ല പലതരമുണ്ട്‌. ശരിയായ മുല്ല ഒരു വള്ളിച്ചെടിയുമാണ്‌. ഇതിന്റെ സസ്യനാമം ജാസ്‌മിനം മള്‍ട്ടിഫ്‌ളോറം. കുരുക്കുത്തിമുല്ല എന്ന്‌ വിളിപ്പേര്‌. സ്റ്റോര്‍ ജാസ്‌മിന്‍ എന്നും വിളിക്കും. ശരിയായ ഇന്ത്യന്‍ മുല്ലച്ചെടിയാണിത്‌. ഇന്ത്യന്‍ കാലാവസ്ഥയില്‍ തണുപ്പുമാസങ്ങളിലാണ്‌ ഈ മുല്ല പൂക്കുന്നത്‌. അതിനാലിതിന്‌ മാഘമല്ലിക എന്നും പേരുപറയും. ചിലയവസരങ്ങളില്‍ ഇലകള്‍ പോലും കാണാനാവാത്ത വിധം പൂക്കള്‍ നിറയും എന്നതാണ്‌ കുരുക്കുത്തിമുല്ലയുടെ പ്രത്യേകത, ഇന്ത്യയാണ്‌ കുരുക്കുത്തിമുല്ലയുടെ ജന്മനാട്‌. തണ്ട്‌ മുറിച്ചു നട്ടും പതിവച്ചും പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാം.
നമുക്ക്‌ സുപരിചിതമായ പിച്ചിപ്പൂവാണ്‌ ജാസ്‌മിനം ഗ്രാന്‍ഡിഫ്‌ളോറം; പിച്ചിമുല്ല, സ്‌പാനിഷ്‌ ജാസ്‌മിന്‍, ജാതിമല്ലി എന്നൊക്കെ ഇതിനു പേരുകളുണ്ട്‌്‌. പിച്ചിയില്‍ ചില പ്രമുഖ ഇനങ്ങളുമുണ്ട്‌. സി ഒ 1 പിച്ചി, സിഒ 2 പിച്ചി, തിമ്മപുരം, ലക്‌നൗ തുടങ്ങിയവയാണിവ. ദക്ഷിണേഷ്യയാണ്‌ ഇതിന്റെ ജന്മസ്ഥലം.
അറേബ്യന്‍ ജാസ്‌മിന്‍ എന്നു പേരെടുത്ത ജാസ്‌മിനം സംബക്‌ ആണ്‌ പ്രചുരപ്രചാരം നേടിയ കുറ്റിമുല്ല. തെക്കു-കിഴക്കന്‍ ഏഷ്യയുടെ സന്തതിയാണ്‌ കുറ്റിമുല്ലച്ചെടി. ഫിലിപ്പിന്‍സിലെ ദേശീയ പുഷ്‌പം കൂടെയാണ്‌ കുറ്റിമുല്ല, അവിടെ ഇതിന്‌ സംപാഗിത എന്നാണു പേര്‌. തമിഴില്‍ ഗുണ്ടുമല്ലിയും മലയാളത്തില്‍ ഇത്‌ കുടമുല്ലയുമാണ്‌.
മുല്ല വളര്‍ത്തുമ്പോള്‍
ജാസ്‌മിനം ഓറിക്കുലേറ്റം എന്ന ഇനം സൂചിമുല്ല അഥവാ പിച്ചരിമ്പാണ്‌. അധികം പ്രചാരത്തിലില്ലെങ്കിലും ഇതിന്റെ സ്വര്‍ഗീയ സുഗന്ധം ആരെയും വിസ്‌മയിപ്പിക്കും. പൂക്കള്‍ കലകളായി വിടരും. പാരിമുല്ലൈ, സി ഒ 1 മുല്ല, സി ഒ 2 മുല്ല തുടങ്ങിയവ സൂചിമുല്ലയുടെ ഇനങ്ങളാണ്‌.
നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നന്ന്‌. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ ഏറ്റവും നന്ന്‌. ചാലുകളെടുത്ത്‌ മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത്‌ മണ്ണ്‌ പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയാണ്‌.
തണ്‌ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ ആണ്‌ നടീല്‍വസ്‌തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ്‌ പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന്‌ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. ഇതേ രീതിയില്‍ മണ്ണില്‍ നട്ടാലും വേര്‌ പിടിപ്പിച്ചെടുക്കാം. ഇങ്ങനെ മുറിത്തണ്‌ടുകള്‍ക്ക്‌ വേരു പിടിപ്പിക്കാന്‍ യോജിച്ച സമയം ജൂണ്‍-ജൂലൈ മുതല്‍ ഒക്ടോബര്‍ നവംബര്‍ വരെയാണ്‌. നട്ട്‌ 90-120 ദിവസമാകുന്നതോടെ തൈകള്‍ മാറ്റിനടാം. നടീല്‍ അകലം 1.2 ഃ 1.2 മീറ്റര്‍. ഇങ്ങനെ നടുന്ന കുഴികളില്‍ ഓരോന്നിലും രണ്‌ടു കുട്ട പൊടിഞ്ഞ കാലിവളം അഥവാ കമ്പോസ്‌റ്റ്‌, ഒരു പിടി എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്‌ എന്നിവ ചേര്‍ത്ത്‌ കുഴി പകുതിയോളം മൂടാം. ചിലയിടങ്ങളില്‍ കുഴിയൊന്നിന്‌ 15 കിലോ ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, 150 ഗ്രാം വേപ്പിന്‍പിണ്ണാക്ക്‌ 100 ഗ്രാം കടലപ്പിണ്ണാക്ക്‌ എന്നിങ്ങനെ ഇട്ട്‌ അതിനു മീതെ മേല്‍മണ്ണും മണലും ചേര്‍ത്ത്‌ കുഴിമൂടി ഓരോ കുഴിയിലും രണ്‌ടുവീതം വേരുപിടിപ്പിച്ച തൈകള്‍ നടുന്ന പതിവുണ്‌ട്‌. ഒരു ചെടിക്ക്‌ ഒരു വര്‍ഷം 250 ഗ്രാം യൂറിയ, 1400 ഗ്രാം റോക്‌ഫോസ്‌ഫേറ്റ്‌ 950 ഗ്രാം പൊട്ടാഷ്‌ എന്നിങ്ങനെയാണു രാസവളം നല്‍കേണ്‌ട തോത്‌. ഇവ രണ്‌ടു തവണയായി ജനുവരിയിലും ജൂലൈയിലും ചേര്‍ക്കുന്നു.
മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്‌എന്നോര്‍ക്കുക. മുല്ല നട്ട്‌ നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും. രണ്‌ടാംവര്‍ഷമാകുമ്പോഴേക്കും കുറ്റിമുല്ലച്ചെടി ഒരു പുഷ്‌പറാണിയായി മാറിക്കഴിഞ്ഞിരിക്കും. എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ഇതിന്‌ പ്രൂണിംഗ്‌ (കൊമ്പുകോതല്‍) എന്നാണ്‌ പറയുക. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം. ചുവട്ടില്‍ നിന്ന്‌ അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്‌ക്കുക. മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്‌. നേര്‍വളങ്ങള്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഓരോ ചെടിക്കും വര്‍ഷത്തിലൊരിക്കല്‍ മൂന്നു കുട്ട പൊടിഞ്ഞ കാലിവളം ചേര്‍ത്തിട്ട്‌ പുറമെ 17:17:17 പോലുള്ള ഏതെങ്കിലും രാസവളമിശ്രിതം ഈരണ്‌ടാഴ്‌ച കൂടുമ്പോള്‍ ഓരോ ടേബിള്‍ സ്‌പൂണ്‍ വീതം ചേര്‍ത്ത്‌ ഇടയിളക്കി നനയ്‌ക്കുകയുമാവാം.
കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം. മണ്‍ചട്ടിയോ സിമന്റ്‌ ചട്ടിയോ ആകാം. മണ്ണ്‌, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച്‌ അടിവളമായി വേപ്പിന്‍പിണ്ണാക്ക്‌, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന്‌ വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും. വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ്‌ ഇതിന്‌ യോജിക്കുന്ന സ്ഥലമാണ്‌.
ജീവാമൃതം എന്ന ജൈവവളക്കൂട്ട്‌ കുറ്റിമുല്ലച്ചെടികളെ കരുത്തോടെ വളരാനും നിറയെ പൂ പിടിക്കാനും പ്രേരിപ്പിക്കുന്നതായി കണ്‌ടിരിക്കുന്നു.
വിളവെടുപ്പ്‌
ചെടി നട്ട്‌ പുഷ്‌പിക്കല്‍ പ്രായമായാല്‍ ഫെബ്രുവരി മുതല്‍ മേയ്‌ വരെയാണ്‌ ഏറ്റവും അധികം പൂക്കള്‍ കിട്ടുക. ഒരു ചെടിയില്‍ നിന്ന്‌ ഒരു ദിവസം 10 മൊട്ടുകള്‍ ലഭിച്ചാല്‍ പോലും തരക്കേടില്ലാത്ത വിളവ്‌ ഒരു സെന്റ്‌ സ്ഥലത്തെ കുറ്റിമുല്ലക്കൃഷി തരും എന്നുറപ്പ്‌. പൂക്കള്‍ അതിരാവിലെയാണ്‌ പറിക്കുക. ഇവയുടെ ജലാംശം നഷ്ടപ്പെടുന്നത്‌ തടയാന്‍ കനം കുറഞ്ഞ പോളിത്തീന്‍ഷീറ്റ്‌ വിരിച്ചശേഷം പൂക്കള്‍ അടുക്കാറു പതിവുണ്‌ട്‌. മൃദുലമായ പൂക്കളെ ടിഷ്യുപേപ്പര്‍ കൊണ്‌ടുപൊതിഞ്ഞും പൂക്കള്‍ക്കിടയ്‌ക്കുള്ള സ്ഥലത്ത്‌ ഈര്‍പ്പമുള്ള കനം കുറഞ്ഞ കടലാസ്‌ വച്ചും അവയെ സംരക്ഷിക്കാം. ദൂരസ്ഥലങ്ങളിലേക്ക്‌ പൂക്കള്‍ അയയ്‌ക്കാന്‍ കൊഗേറ്റഡ്‌ ഫൈബര്‍ ബോര്‍ഡ്‌ പെട്ടിയിലും മറ്റും പൂക്കള്‍ അടുക്കുന്നവര്‍ പെട്ടിയില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇടുന്ന പതിവുണ്‌ട്‌. പൂക്കള്‍ എത്തിലിന്‍ വാതകം ഉല്‌പാദിപ്പിച്ച്‌ സ്വയം വാടുന്നത്‌ തടയാനാണിത്‌. ഇങ്ങനെ സംരക്ഷിക്കുന്ന പൂക്കള്‍ വേഗം കേടാകുകയില്ല.

Courtesy :malayalinadu

No comments

Copyright (c) 2015 Glory Farm. Powered by Blogger.