Header Ads

We inspire and promote your farming.

തേനല്ല; ഇത് വര്‍ണവരിക്ക

തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്‍.എസ്.) നിറവും രുചിയും കലര്‍ന്ന വരിക്കച്ചക്ക വിളയുന്ന പ്ലാവുള്ളത്. 



അപൂര്‍വമായ ചെമ്പരത്തി വരിക്ക എന്ന നാടന്‍ പ്ലാവിനത്തില്‍നിന്ന് ഗ്രാഫ്റ്റ് ചെയ്‌തെടുത്ത പുതിയ പ്ലാവിന് 'സിന്ധൂര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ മാംസളമായ ചുളകളുള്ള ഈ വരിക്കച്ചക്ക തീന്‍മേശയിലെ ആകര്‍ഷകമായ ഇനമാവുകയാണ്. 

തീന്‍മേശയെ അലംകൃതമാക്കുന്ന മധുരമൂറുന്ന വ്യത്യസ്തമായ ചക്കപ്പഴം തേടിയുളള ഗവേഷണം തുടങ്ങിയത് 1994 -95 കാലത്താണ്. കൊല്ലം ജില്ല ഒട്ടാകെ നടത്തിയ സര്‍വേയില്‍ ചിറ്റുമലയിലെ പേരയം പഞ്ചായത്തില്‍നിന്നാണ് നല്ലയിനം ചെമ്പരത്തി വരിക്ക കണ്ടെത്തിയത്. ഇതില്‍നിന്നുള്ള മുകുളങ്ങള്‍ ശേഖരിച്ച് ഗവേഷണകേന്ദ്രത്തിലെ മാതൃസസ്യത്തില്‍ ഗ്രാഫ്റ്റ് ചെയ്തായിരുന്നു പരീക്ഷണം. 

അസ്തമയസൂര്യന്റെ നിറവും തേന്‍വരിക്ക തോല്‍ക്കുന്ന രൂചിയുമുള്ള ചുളകളോടു കൂടിയ ചക്കകള്‍ വിളയുന്ന പ്ലാവുകള്‍ ഇവിടെ വളരാന്‍ തുടങ്ങി. ഗ്രാഫ്റ്റിങ് വിജയകരമായതോടെ ഇവിടെനിന്നുളള സിന്ധൂര്‍ തൈകള്‍ തേടി വിദേശികള്‍വരെ എത്താന്‍ തുടങ്ങി. പ്രതിവര്‍ഷം 7,500 തൈകള്‍വരെ ഇവിടെ വിറ്റുപോകുന്നു. ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള തൈകളില്ലെന്നതാണ് വസ്തുത. 

നാലുവര്‍ഷത്തിനുള്ളില്‍ കായ്ക്കും. വര്‍ഷം മുഴുവനും ചക്കകള്‍ ലഭിക്കും. അധികം ഉയരത്തില്‍ പോകാതെ പടര്‍ന്ന് വളരുന്നതിനാല്‍ വീട്ടുമുറ്റത്തും വളര്‍ത്താമെന്ന് ഗവേഷണവിഭാഗം മേധാവി ബിനി സാം പറയുന്നു. 20കിലോയിലധികം ഭാരമുളള ചക്കകള്‍ ഉണ്ടാകും. സദാനന്ദപുരത്തെ ഗവേഷണകേന്ദ്രത്തില്‍ മാത്രമാണ് ഇതിന്റെ ഗ്രാഫ്റ്റ് തൈകളുള്ളത്. 

കേരളത്തിലാണ് ചക്കപ്പഴം ധാരാളമായി ഉണ്ടാകുന്നതെങ്കിലും തമിഴ്‌നാട്ടിലും മുംബൈയിലുമാണ് ചക്കപ്പഴത്തിന് ഏറെ പ്രിയം. മുംബൈയില്‍ വരിക്കച്ചച്ചയുടെ ഒരു ചുളയ്ക്ക് 20രൂപവരെ വിലയുണ്ട്. വാണിജ്യാടിസ്ഥാനത്തി ല്‍ സിന്ധൂര്‍ പ്ലാവുകള്‍ കൃഷി ചെയ്താല്‍ വലിയ വാണിജ്യസാധ്യതയാണുള്ളതെന്നും ഹോട്ടലുകളിലും വീടുകളിലും തീന്‍മേശയിലെ രുചിയൂറും പഴമായി ഇത് മാറുമെന്നും ഗവേഷകര്‍ പറയുന്നു.
Courtesy : mathrubhumi




No comments

Copyright (c) 2015 Glory Farm. Powered by Blogger.