Header Ads

We inspire and promote your farming.

കാട വളർത്തൽ

                 

കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. കേരളത്തില്‍ കാട വളര്‍ത്തലിനു ഏറെ സാധ്യതകളുണ്ട്‌. സ്‌ത്രീ സ്വാശ്രയ സംഘങ്ങള്‍ക്കും വ്യക്‌തികള്‍ക്കും എളുപ്പും പ്രാവര്‍ത്തികമാക്കാവുന്ന ഈ തൊഴിലിന്‌ സ്‌ഥലപരിമിതിപോലും പ്രശ്‌നമല്ല. സ്‌ഥലസൗകര്യം ഇല്ലാത്തവര്‍ക്ക്‌ വീടുകളുടെ ടെറസുകളിലും കാടകളെ വളര്‍ത്താം.

ജപ്പാനീസ്‌ കാട എന്ന ചെറുപക്ഷിയുടെ ജീവിതചക്രം വളരെ ചെറുതാണ്‌. ഒരു വര്‍ഷത്തില്‍ മൂന്നുനാലു തലമുറകള്‍ വരെ ഉണ്ടാകും. വളരെ ചെറുതായതിനാല്‍ തീറ്റചെലവും താരതമ്യേന കുറവാണ്‌. ഒരു കോഴിയെ വളര്‍ത്താന്‍ ആവശ്യമായ സ്‌ഥലത്ത്‌ ഏതാണ്ട്‌ 8-10 കാടകളെ വളര്‍ത്തുകയുമാകാം. മാത്രമല്ല ഇവയ്‌ക്ക് രോഗങ്ങളും കുറവാണ്‌. ജപ്പാനീസ്‌ കാടകളില്‍തന്നെ വിവിധ ഉപ ഇനങ്ങള്‍ ഉണ്ട്‌. മുട്ടയ്‌ക്കും ഇറച്ചിക്കുമായി പ്രത്യേക ഇനങ്ങള്‍ മാത്രമല്ല വെള്ള നിറത്തിലുള്ള കാടകളും ലഭ്യമാണ്‌.
കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ്‌ കാട വളര്‍ത്തല്‍. ആറാഴ്‌ച പ്രായമാകുമ്പോള്‍ മുതല്‍ മുട്ടയിട്ടു തുടങ്ങുന്ന പെണ്‍കാടകള്‍ 52 ആഴ്‌ചവരെ മുട്ടയിടുന്നു. ഒരു കാട മുട്ടയ്‌ക്ക് ശരാശരി 10 ഗ്രാം തൂക്കം വരും
                        .

280-300 മുട്ടയെങ്കിലും ഒരു കാടയില്‍നിന്നു പ്രതീക്ഷിക്കാം. പ്രായമാകുമ്പോള്‍ വിപണനം ചെയ്യാം. കാടമുട്ടകള്‍ വിരിയുന്നതിന്‌ 16-18 ദിവസം മതിയാകും. കാടകളെ കൂടുകളിലോ ഡീപ്പ്‌ ലിറ്റര്‍ രീതിയിലോ വളര്‍ത്താവുന്നതാണ്‌. ഏതു രീതിയിലായാലും കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഷെഡുകള്‍ നിര്‍മിക്കുന്നതാണ്‌ ഉത്തമം. രണ്ട്‌ മൂന്ന്‌ ആഴ്‌ചവരെ കാട കുഞ്ഞുങ്ങള്‍ക്ക്‌ കൃത്രിമമായി ചൂട്‌ നല്‍കേണ്ടതാണ്‌. ഒരു കുഞ്ഞിന്‌ ഒരു വാട്ട്‌ എന്ന തോതില്‍ വൈദ്യുതി ബള്‍ബ്‌ ഇടാവുന്നതാണ്‌.

കേജ്‌ രീതിയിലുള്ള പരിപാലനമാണെങ്കില്‍ 0-2 ആഴ്‌ച പ്രായമുള്ള 100 കാടകളെ മൂന്ന്‌ അടി നീളം -2 അടി വീതി -1 അടി ഉയരം എന്ന അളവില്‍ നിര്‍മിച്ച കൂട്ടില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. 306 ആഴ്‌ച പ്രായമുള്ള 60 ഗ്രോവര്‍ കാടകളെ നാല്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരവുമുള്ള കൂട്ടില്‍ വളര്‍ത്താം. എന്നാല്‍ 20 മുട്ടട കാടകളെ (7-52 ആഴ്‌ച പ്രായം) പാര്‍പ്പിക്കാന്‍ വേണ്ടത്‌ രണ്ട്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരത്തിലുള്ള കൂടുകളാണ്‌. തീറ്റയും വെള്ളവും കൊടുക്കുന്നതിന്‌ പ്രത്യേക സൗകര്യങ്ങള്‍ കൂടിന്റെ വശങ്ങളില്‍ ഒരുക്കണം. ഡീപ്പ്‌ ലിറ്റര്‍ രീതിയെ അപേക്ഷിച്ച്‌, കൂടുകളില്‍ വളര്‍ത്തുന്ന കാടികളെ പരിപാലിക്കാന്‍ എളുപ്പമാണ്‌. മാത്രവുമല്ല, സ്‌ഥലവും കുറച്ച്‌ മതി.  

കാടവളര്‍ത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാര്‍ട്ടര്‍ തീറ്റ'യില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊര്‍ജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികള്‍ക്കും തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്തുകൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനുശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റ വേണം. ഒരു കാടയ്ക്ക് ഒരുവര്‍ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും.കാടകള്‍ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള്‍ മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, മീന്‍പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ വേണം.കോഴികളുടെ തീറ്റതന്നെ ചില വ്യത്യാസങ്ങളോടെ കാടകള്‍ക്കും കൊടുക്കാവുന്നതാണ്. ഇറച്ചിക്കോഴിക്ക് ഉപയോഗിക്കുന്ന തീറ്റയില്‍ ഓരോ നൂറ് കിലോഗ്രാമിനും20 കിലോഗ്രാം മീന്‍പൊടി, അഞ്ചു കിലോഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, ആറ് ഗ്രാം ജീവകം 'ഇ' എന്നിവ ചേര്‍ത്ത് കാടത്തീറ്റയായി മാറ്റാം.

No comments

Copyright (c) 2015 Glory Farm. Powered by Blogger.