Header Ads

We inspire and promote your farming.

എമു വളര്‍ത്തല്‍


  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു രൂപത്തിലും ഭാവത്തിലും ജീവിതരീതിയിലുമെല്ലാം കൗതുകമുണര്‍ത്തുന്നതാണ്. ശാസ്ത്രീയമായി 80 മില്യണിലധികം വര്‍ഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന  ഈ ഭീമന്‍പക്ഷി പരിണാമത്തെ അതിജീവിച്ചാണ് ഇപ്പോഴും ഈ രൂപത്തില്‍ തുടരുന്നതത്രെ. കൊടുംശൈത്യത്തിലും കടുത്ത വേനലിലും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന, പ്രത്യേക തീറ്റയെന്നും ആവശ്യമില്ലാത്ത എമു അതുകൊണ്ടുതന്നെ ഒരത്ഭുതപക്ഷിയാണ്. "ന്യൂ ഹൊളന്തീസ' എന്ന് ശാസ്ത്രീയ നാമമുള്ള എമുവിന്റെ കുത്തക സ്വന്തമാക്കാന്‍ പല രാജ്യങ്ങളും ശ്രമിച്ചിരുന്നു. ഒടുവില്‍ ഓസ്ട്രേലിയ എമുവിനെ ദേശീയപക്ഷിയാക്കി. 
 അലങ്കാരപക്ഷിയായും വ്യാവസായികാ ടിസ്ഥാനത്തിലും വളര്‍ത്താന്‍ കഴിയുന്ന ഇവ മനുഷ്യരോട് വളരെവേഗത്തില്‍ ഇണങ്ങുന്നവയാണ്. 100 വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഓസ്ട്രേലിയയില്‍ വ്യാവസായികമായി എമുവിനെ വളര്‍ത്തിയിരുന്നു. ലോകത്ത് ഇന്നു ലഭിക്കുന്ന മാംസങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ 97 ശതമാനം കൊഴുപ്പുരഹിത ഇറച്ചിയാണ് എമുവിന്റേതെന്നതാണ് പ്രത്യേകത. മൃഗങ്ങളുടെ ഇറച്ചി പോലെത്തന്നെ എമു ഇറച്ചിയും ചുവന്നതാണെന്നതും പാശ്ചാത്യരെ ആകര്‍ഷിക്കുന്നു. സാധാരണ പക്ഷികളുടെ മാംസം വെളുത്ത ഇറച്ചിയിലാണ് പെടുന്നത്. മാംസത്തിന്റെ ഗുണം കണ്ടറിഞ്ഞ അമേരിക്ക ഗവണ്‍മെന്റ് തലത്തിലാണ് 100 എമുവിനെ നാട്ടിലെത്തിച്ചത്. ഇന്ന് അമേരിക്കയില്‍ ഇവ സമൃദ്ധമാണ്.  കാഴ്ചയില്‍ ഭീമാകാരനാണെങ്കിലും വളരെ സാധു സ്വഭാവക്കാരാണ്. ആറടിയോളം ഉയരവും 50 കിലോ തൂക്കവുമുള്ള എമുവിന് 50 കി.മീറ്റര്‍ സ്പീഡില്‍ ഓടാനും കഴിയും. മിശ്രഭോജിയാണെങ്കിലും സസ്യാഹാരമാണ് കൂടുതല്‍ താല്പര്യം. കാട്ടില്‍ പച്ചില, കിഴങ്ങ്, പുല്ല്,      പൂക്കള്‍, ചെറിയ പുഴുക്കള്‍ എന്നിവയൊക്കെ തിന്നാണ് ഇവ കഴിയാറ്. വലുതായാല്‍ ആണ്‍പക്ഷിയേയും പെണ്‍പക്ഷിയേയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഇവയിലെ ആണ്‍പക്ഷിയാണ് 52 ദിവസം നെഞ്ചിലെ ചൂടുനല്‍കി മുട്ടകള്‍ വിരിയിച്ചെടുക്കുന്നത്.  പൊതിച്ച ഒരു വലിയ തേങ്ങയോളം വലിപ്പമുള്ള മുട്ടയ്ക്ക് മുക്കാല്‍ കിലോയോളം തൂക്കമുണ്ടായിരിക്കും. കടും പച്ചനിറമാണ് മുട്ടയ്ക്ക്. ഒരെണ്ണത്തിന് 1000 രൂപയോളം വിലവരും. ഓരോ രാജ്യങ്ങളിലെ പ്രത്യേകതയനുസരിച്ചാണ് എമുവിന്റെ ഭക്ഷണക്രമം. കേരളത്തില്‍ ഇവിടെ കിട്ടുന്ന അരി, ഗോതമ്പ്, മുന്നാറി, മക്കച്ചോളം, തവിട്, പിണ്ണാക്ക് എന്നിവയൊക്കെ നല്‍കാം. അരിക്കും ഗോതമ്പിനും പകരം ഓസ്ട്രേലിയയില്‍ സോയാബീനും അമേരിക്കയില്‍ ഓട്സുമാണ് നല്‍കുന്നത്. എമുവിന്റെ വളര്‍ച്ചയ്ക്ക് കാല്‍സ്യം അത്യാവശ്യമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലും മുട്ടയിടുമ്പോഴും കാല്‍സ്യം ധാരാളം വേണം. ഒരു എമു ഒരു കിലോയോളം ഭക്ഷണം ദിവസം കഴിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് എമുവിന്റെ പ്രജനനകാലം. പിന്നെ മെയ് തുടങ്ങി സെപ്തംബര്‍ വരെ ഇടവേളയാണ്. പെണ്‍പക്ഷി 18~ാം മാസത്തിലും ആണ്‍പക്ഷി 20~ാം മാസത്തിലുമാണ് പ്രായപൂര്‍ത്തിയാവുന്നത്. വിരിഞ്ഞിറങ്ങി 21~ാം മാസത്തില്‍ മുട്ട പ്രതീക്ഷിക്കാം. ഫാമുകളില്‍ ഒരു പൂവന് ഒരു പിട എന്ന രീതിയാണ്. ഒരു തവണ ഇണചേര്‍ന്നു കഴിഞ്ഞാല്‍ 10 മുട്ട വരെ ലഭിക്കും. പിന്നെ 15~20 ദിവസം ഇടവേളയായിരിക്കും. ഇണചേരലിനുശേഷം പിന്നെയും മുട്ടയിടാന്‍ തുടങ്ങും. ഫാമുകളില്‍ മുട്ട അപ്പോള്‍ത്തന്നെ എടുത്തുമാറ്റുന്നതുകൊണ്ട് പക്ഷികള്‍ തുടര്‍ച്ചയായി ഇണചേരുകയും മുട്ട ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വര്‍ഷം 56 മുട്ടയോളം ലഭിക്കുന്നു. മുട്ട എടുത്തുമാറ്റുന്നതുകൊണ്ട് പ്രജനനകാലത്തിന്റെ അവസാനദിവസങ്ങളില്‍ ആണ്‍പക്ഷിക്ക് മുട്ട കാണാത്തതു കൊണ്ടുള്ള വിഷാദമുണ്ടാകാറുണ്ടത്രെ. പൂവന്‍ അടയിരിക്കുന്ന 52 ദിവസവും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാറില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നുമാസം വരെ ഇവ പരിരക്ഷിക്കും. 40 വ.യസ്സോളം ആയുസ്സുള്ള എമു 30 വയസ്സുവരെ മുട്ടയിടും.  ജനിച്ച ഉടന്‍ തന്നെ എഴുന്നേറ്റു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ പിറ്റേന്നുമുതല്‍ നല്ല സ്പീഡില്‍ ഓടാന്‍ തുടങ്ങും. വിരിഞ്ഞിറങ്ങുമ്പോള്‍ 450 ഗ്രാം തൂക്കവും അര അടി ഉയരവും ഉണ്ടാകും മൂന്നു മാസമാകുമ്പോള്‍ രണ്ടടി ഉയരവും ആറുകിലോ തൂക്കവും ആകുന്നു. മൂന്നുമാസം വരെ ദേഹത്ത് വരകള്‍ കാണാം. ആണ്‍,പെണ്‍ കുഞ്ഞുങ്ങളെ തിരിച്ചറിയുന്നതും സാധാരണയായി വില്‍ക്കുന്നതും ഈ പ്രായത്തിലാണ്. ഒരു വര്‍ഷത്തില്‍ അഞ്ചര അടി ഉയരവും അഞ്ചുകിലോതൂക്കവും വെയ്ക്കുന്ന ഇവ രണ്ടു വയസ്സുമുതല്‍ മുട്ടയിട്ടു തുടങ്ങും.മയിലെണ്ണയോട് സാദൃശ്യമുള്ള എമുവിന്റെ എണ്ണയ്ക്കും ഏറെ ഔഷധഗുണമുണ്ടെന്നാണ് കണ്ടെത്തല്‍. സന്ധിവേദന, വീക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്്. എട്ടു വര്‍ഷം മുമ്പാണ് ഹൈദ്രാബാദിലേയും മഹാരാഷ്ട്രയിലേയും ഫാമുകളിലേക്ക് ഗവണ്‍മെന്റ് അംഗീകാരത്തോടെ എമുവിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.  വ്യാവസായികാടിസ്ഥാനത്തില്‍ എമുവിനെ വളര്‍ത്തിയാല്‍ മാത്രമെ എമു എണ്ണ ഉത്പാദിപ്പിക്കുവാന്‍ കഴിയൂ. തൊലിയുടേയും മാംസത്തിന്റേയും ഇടയില്‍ ഒരാവരണം പോലെ കാണപ്പെടുന്ന കൊഴുപ്പ് ഉരുക്കിയാണ് എണ്ണ ഉണ്ടാക്കുന്നത്. അടയിരിക്കുന്ന ആണ്‍പക്ഷിക്ക് 52 ദിവസത്തോളം ഒന്നും കഴിക്കാതെ ജീവിക്കാന്‍ കഴിയുന്നത് ഈ കൊഴുപ്പുള്ളതുകൊണ്ടാണ്. നേരിട്ട് തീ ഏല്‍പ്പിക്കാതെ ബ്രോയ്ലര്‍രീതിയില്‍ കൊഴുപ്പ് ഉരുക്കിയാണ് എണ്ണ എടുക്കുന്നത്. കേരളത്തിലും ചില ഫാമുകളില്‍ എമുവിനെ വളര്‍ത്തുന്നുണ്ട്. വലിയ കമ്പിവേലികള്‍ തീര്‍ത്ത് വിസ്തൃതമായ പറമ്പുകളിലാണ് ഇവയെ വളര്‍ത്തുക. പ്രത്യേകിച്ച് രോഗങ്ങളോന്നുമില്ലാത്ത ഇവ പാമ്പ്, കീരി തുടങ്ങിയ ശത്രുക്കളെ ആക്രമിച്ച് കൊല്ലാറുണ്ട്. ഉപദ്രവകാരികല്ലാത്തതിനാല്‍ അലങ്കാരപക്ഷിയെന്ന നിലയില്‍ വീട്ടുമുറ്റത്തും വളര്‍ത്താം.






എമു ഇറച്ചിയില്‍ കൊളസ്റ്ററൊളിന്റെ അളവ് കുറവാണ്. ചുവപ്പ് നിറമാണ്, സ്വാദിഷ്ഠമാണ്. ഹൃദ്രോഗികള്‍ക്കുപോലും കഴിക്കാവുന്നതാണ്. ഈ സഹസ്രാബ്ദത്തിലെ സൂപ്പര്‍ ഫുഡ് എന്നാണ് എമു ഇറച്ചി അറിയപ്പെടുന്നത്. ഇതിന് കിലോയ്ക്ക് 200-250 രൂപവരെ വിലവരും.
തൊപ്പി, വസ്ത്രങ്ങള്‍, ബ്രഷുകള്‍, ബാഗുകള്‍, എന്നിവയ്ക്കുവേണ്ടി തൂവലുകള്‍ ഉപയോഗിച്ചു വരുന്നു. ബാഗുകള്‍, സീറ്റ് കവറുകള്‍, കയ്യുറ എന്നിവയുടെ നിര്‍മ്മാണത്തിന് ഇതിന്റെ തുകല്‍ ഉപയോഗിക്കാം. ഒരു പക്ഷിയില്‍ നിന്നും 12 ചതുരശ്ര അടിവരെ തൊലി ലഭിക്കുമത്രെ! ഒരു ചതുരശ്രയടിക്ക് 1000 രൂപ വിലവരും.
മുട്ടയ്ക്ക് 500 രൂപവരെ വില വരുന്നുണ്ട്. മുട്ടത്തോട് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു വരുന്നു. എമു എണ്ണയ്ക്ക് ലിറ്ററിന് 3000 രൂപയോളമാണ് വില! ഒരു എമുവില്‍ നിന്നും ആറു ലിറ്ററോളം എണ്ണ ലഭിക്കും. എമുവിന് 10 മീറ്ററോളം ദൂരത്തുള്ള കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നതിനാല്‍ ഇവയുടെ കണ്ണുകള്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാമത്രെ!
ഒരു ജോടി എമു പക്ഷികള്‍ക്ക് 15 മാസം പ്രായത്തില്‍ 20,000 രൂപയിലധികം വിലവരും. ഈ പ്രായത്തില്‍ 40 കി.ഗ്രാം. തൂക്കമുണ്ടായിരിക്കും. 

No comments

Copyright (c) 2015 Glory Farm. Powered by Blogger.