Header Ads

We inspire and promote your farming.

ജാതി കൃഷി

Photo






ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. കഫ വാത രോഗങ്ങൾ ശമിപ്പിക്കും. ദഹനശക്തി കൂട്ടും.മലബന്ധം ഉണ്ടാക്കും. വയറിളക്കത്തിനും ഉദരശൂലയ്ക്കും നല്ലതാണു്. ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം,കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം, എന്നിവയിൽ ഉപയോഗിക്കുന്നു. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.

ജാതി പലരീതികളിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണ്‌. വിത്തുപാകി മുളപ്പിച്ചും,ടോപ്പ് വർക്കിംഗ്, ഒട്ടിക്കൽ, ഫീൽഡ് ബഡ്ഡിംഗ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും കൃഷി നടത്താം.വിത്തു പാകി നല്ലതുപോലെ മൂപ്പെത്തിയ ജാതിക്ക കൾ ചെടിയിൽ നിന്നും അടർത്തിയെടുത്ത് മണ്ണും മണലും കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിത്ത് പാകി പുതിയ മരങ്ങൾ മുളപ്പിച്ച് എടുക്കാം. ഇങ്ങനെ പാകുന്ന സ്ഥലത്ത് തണലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഏകദേശം രണ്ട് മാസത്തോളം ദിവസവും നനക്കണം. രണ്ട് മാസത്തിനുശേഷം കിളിർപ്പ് ഉണ്ടാകുകയും, രണ്ടില പാകമാകുമ്പോൾ വേരിന്‌ കേട്പാടുകൾ സംഭവിക്കാതെ പോട്ടിംഗ് മിശ്രിതം നറച്ച ചട്ടികളിലോ പോളിത്തീൻ കവറുകളിലോ നടുന്നു. ഇങ്ങനെ നടുന്ന തൈകൾ മഴക്കാലത്തോടു കൂടി പ്രധാന കൃഷിയിടങ്ങളിൽ മാറ്റി നടാവുന്നതുമാണ്‌. ഇങ്ങനെ നടുന്ന തൈകൾക്ക് തണലായും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനുമായി പുതയിടുകയോ തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന തൈകളിൽ നിന്നും പത്ത് പെൺ മരത്തിന്‌ ഒരു ആൺ മരം എന്ന രീതിയിൽ നിലനിർത്തി ബാക്കിയുള്ള ആൺ മരങ്ങൾ മുറിച്ച് മാറ്റണം. ജാതി ഇടവിളയായി നടുകയാണേങ്കിൽ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങളുടെ ഇറ്റയിൽ നടുന്നതാണ്‌ ഉത്തമം. കാരണം തെങ്ങും കമുകും ജാതി തൈകൾക്ക് നല്ലതുപോലെ തണൽ നൽകും. ജാതി ഇടവിളയായിട്ടല്ല നടുന്നതെങ്കിൽ തണൽ നൽകുന്നതിനായ് ശീമക്കൊന്ന, മുരിക്ക്, വാഴ, അക്കേഷ്യ തുടങ്ങിയവ നടാം. ഇതിൽ വാഴനടുന്നതാണ്‌ ഏറ്റവും നല്ലത്, കാരണം ആവശ്യത്തിനു തണൽ നൽകുന്നതിനു പുറമേ അന്തരീക്ഷത്തിൽ നല്ലതുപോലെ ഈർപ്പം നിലനിർത്താൻ വാഴകൾക്ക് കഴിയുന്നു. കൂടാതെ വാഴയുടെ വിളവെടുപ്പിനു ശേഷം അവയുടെ അവശിഷ്ടങ്ങൾ ജാതിക്ക് പുതയിടുന്നതിനും ഉപയോഗിക്കാം. 

ടോപ്പ് വർക്കിംഗ് ജാതിതൈ നട്ട് ആൺ മരമാണോ പെൺ മരമാണോ എന്നറിഞ്ഞ (ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് )ശേഷം ആൺ മരങ്ങളെ നശിപ്പിക്കാതെ അവയെ ലിംഗഭേദം വരുത്തി പെൺ മരമാക്കുന്ന പ്രക്രിയയെ ആണ്‌ ടോപ്പ് വർക്കിംഗ് എന്ന് പറയുന്നത്. മഴക്കാലത്തിനു മുൻപായി ആൺ മരങ്ങളെ ചുവട്ടിൽ നിന്നും ഏകദേശം 1 മീറ്റർ പൊക്കത്തിൽ രണ്ടോ മൂന്നോ ശാഖകൾ നിർത്തി മുറിച്ചുകളയുന്നു. പിന്നീട് തായ് തടിയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന കിളിർപ്പുകളിൽ പെൺ മരത്തിന്റെ ശാഖകളിൽ നിന്നും എടുക്കുന്ന കിളിർപ്പ് വച്ച് കെട്ടി, ആൺ കിളിർപ്പുകളെ വളരാൻ അനുവദിക്കാതെ പെൺ കിളിർപ്പുകൾ മാത്രം വളർത്തി കായ ഉണ്ടാക്കുന്ന രീതിയാണ്‌ ടോപ്പ് വർക്കിംഗ്. 

ഒട്ടിക്കൽ നാടൻ ജാതി ഇനങ്ങളിലോ കാട്ടു ജാതി ഇനങ്ങളിലോ പെൺ ജാതി മരത്തിന്റെ മുകുളങ്ങൾ ഒട്ടിച്ച് ചേർത്തും നല്ല ജാതി തൈകൾ നടീൽ വസ്തുക്കളായി ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയാണ്‌ ഒട്ടിക്കൽ എന്ന് പറയുന്നത്. ഫീൽഡ് ബഡ്ഡിംഗ് കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത തനതു നടീൽ വസ്തു നിർമ്മാണ രീതിയാണ്‌ ഫീൽഡ് ബഡ്ഡിംഗ്. ജാതി മരങ്ങളിൽ ആൺ / പെൺ വ്യത്യാസം അറിയുന്നതിനും മുൻപ് ചെയ്യുന്ന രീതിയാണിത്. കൃഷി സ്ഥലത്തെ എല്ലാ മരങ്ങളിലും ഈ രീതി അനുവർത്തിക്കേണ്ടതാണ്‌. തൈകൾക്ക് ഏകദേശം മൂന്ന് വർഷം പാകമാകുമ്പോൾ ഈ പ്രക്രിയ നടപ്പാക്കുന്നു. ഈ രീതി ചെയ്യുമ്പോൾ തൈകളുടെ മൂട് വണ്ണം നാല്‌ സെന്റീമീറ്ററിൽ കുറയാൻ പാടില്ല. ഇതിന്റെ ആദ്യ പടിയായി നല്ല കായ് ഫലം തരുന്ന പെൺ മരങ്ങളിൽ നിന്നും മുകളിലേക്ക് വളരുന്ന ശിഖരങ്ങളിൽ നിന്നും കമ്പുകൾ മുറിച്ചെടുക്കുന്നു. ആ കമ്പുകളിൽ നിന്നുമുള്ള മുകുളങ്ങൾ മൂന്ന് മുതൽ നാല്‌ സെ. മീ . നീളത്തിൽ തൊലിയോട് കൂടി ചെത്തിയെടുക്കുന്നു. അത്തരം മുകുളങ്ങൾ, ഏത് തൈയിലാണോ വയ്ക്കേണ്ടത് ആ തൈകളിൽ, താഴെനിന്നും ആദ്യത്തെ ശാഖയുടെ താഴെയായി ഏകദേശം മൂന്ന് മുതൽ അഞ്ച് സെന്റീ മീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റുന്നു. തൊലി ചെത്തി മാറ്റിയ സ്ഥലത്ത് നേരത്തേ ശേഖരിച്ച് വച്ചിരിക്കുന്ന മുകുളം വച്ച് പോളിത്തീൻ നാടകൊണ്ട് കെട്ടി വയ്ക്കുന്നു. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ചേർത്ത് കെട്ടുമ്പോൾ മുകുളം മൂടിപ്പോകാൻ പാടില്ല എന്നുള്ളതാണ്‌. ഇങ്ങനെ വച്ചുകെട്ടുന്ന മുകുളങ്ങൾ വളരുന്നതിനനുസരിച്ച് മുകളിലെ ബാക്കി ശിഖരങ്ങളും പിന്നീട് ഒട്ടിച്ചിരിക്കുന്നതിന്‌ മുകളിൽ ഉള്ള പഴയ തൈയുടെ ബാക്കി ഭാഗങ്ങളും പൂർണ്ണമായി മുറിച്ച് മാറ്റേണ്ടതാണ്‌. വള പ്രയോഗം നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.

Courtesy : kollamnews.in

No comments

Copyright (c) 2015 Glory Farm. Powered by Blogger.